ഗാസയില്‍ അടിയന്തര വെടിനിര്‍ത്തലിന് നീക്കവുമായി ഈജിപ്തും ജോര്‍ദാനും. ഇരു രാജ്യങ്ങളും ഇക്കാര്യം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ചര്‍ച്ച ചെയ്തു. എന്നാല്‍ വെടിനിര്‍ത്തല്‍ ഗാസയെ നിയന്ത്രിക്കുന്ന പലസ്തീന്‍ ഭീകരസംഘടനയായ ഹമാസിനെ വീണ്ടും സംഘടിക്കാന്‍ അനുവദിക്കുമെന്ന് ബ്ലിങ്കന്‍ പ്രതികരിച്ചു. ഇതിനിടെ ആശുപത്രിയായും അഭയാര്‍ഥി ക്യാമ്പായും ഉപയോഗിച്ചിരുന്ന യുഎന്‍ സ്‌കൂളില്‍ ഇസ്രായേലി സേന നടത്തിയ ബോംബാക്രമണത്തില്‍  68 പേര്‍ കൊല്ലപ്പെട്ടു.
ഒക്ടോബര്‍ 7-ന് ഹമാസ് ഇസ്രയേലിനെതിരെ വ്യോമ, കര, കടല്‍ മാര്‍ഗങ്ങളിലൂടെ വിവിധ മേഖലകളില്‍ ആക്രമണം നടത്തുകയും 1400-ലധികം പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയാണ് യുദ്ധം ആരംഭിച്ചത്. 240 സാധാരണക്കാരെ ഹമാസ് ബന്ദികളാക്കി. യുദ്ധത്തെ എങ്ങനെ നേരിടണമെന്ന് യുഎന്നും ലോകശക്തികളും ഇതുവരെ സമവായത്തില്‍ എത്തിയിട്ടില്ല. 
ക്രൂരമായ പ്രത്യാക്രമണത്തിലൂടെയാണ് ഇസ്രായേല്‍ ഇതിനെതിരെ പ്രതികരിച്ചത്. വ്യോമാക്രമണവും  ഉപരോധം ഏര്‍പ്പെടുത്തിയതും ജനസാന്ദ്രതയേറിയ ഗാസയില്‍ കരയാക്രമണം നടത്തിയതും വലിയ നാശം വിതച്ചു. മാരകമായ ആക്രമണങ്ങളില്‍ ഏകദേശം 9,500 പേര്‍ കൊല്ലപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *