കനേഡിയൻ പൗരന്മാർക്കുള്ള ചില വിസ നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ ഇന്ത്യ തീരുമാനിച്ചിട്ടും, ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ വിള്ളലുകൾ പരിഹരിക്കുന്നത് ഇനിയും നീളുമെന്ന് വിദഗ്‌ധർ. ഒരു കനേഡിയൻ സിഖ് വിഘടനവാദി നേതാവിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്ക് ചൂണ്ടിക്കാട്ടിയ കനേഡിയൻ പ്രധാനമന്ത്രിയുടെ നടപടിക്ക് പിന്നാലെയാണ് ഇരു രാജ്യങ്ങൾക്കും ഇടയിലെ ബന്ധത്തിൽ വിള്ളലുണ്ടായത്. എന്നാൽ ആഴ്‌ചൾക്ക് ശേഷം വിസ സേവനങ്ങൾ ഭാഗികമായി പുനഃസ്ഥാപിക്കാൻ ഇന്ത്യ അടുത്തിടെ തീരുമാനിച്ചിരുന്നു.
കാനഡയുടെ ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചതിന് ശേഷവും ഇരു രാജ്യങ്ങളും പരസ്‌പരം കുറ്റപ്പെടുത്തൽ തുടർന്നതോടെയാണ് നയതന്ത്ര ബന്ധത്തിൽ കാര്യമായ ഉലച്ചിലുണ്ടായത്. സിഖ് സമൂഹത്തിന്റെ സാന്നിധ്യം കൊണ്ട് തന്നെ ഒരു നൂറ്റാണ്ടിലേറെ നീണ്ടു നിൽക്കുന്ന ബന്ധങ്ങൾ നിലനിൽക്കുന്ന രാജ്യമായ കാനഡയുമായി ഇത്തരമൊരു അകൽച്ച ഉണ്ടായതായി പലരുടെയും ഓർമ്മയിൽ പോലുമില്ല എന്നതാണ് യാഥാർഥ്യം.
വിസയിൽ ഇന്ത്യ അനുവദിച്ച ഇളവ്, ബന്ധം മെച്ചപ്പെടുന്നതിനെ കുറിച്ചുള്ള ചില പ്രതീക്ഷകൾ ഉയർത്തിയെങ്കിലും, അതൊരു വഴിത്തിരിവായില്ല, കാരണം സാധാരണ നിലയിലേക്ക് മടങ്ങാൻ ഇരുപക്ഷത്തിനും വലിയ താൽപര്യമില്ലെന്നാണ് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥരും വിദഗ്‌ധരും പറയുന്നത്.
നിജ്ജാർ വധത്തിൽ കാനഡയുടെ അന്വേഷണം പുരോഗമിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് മാസത്തോടെ ഇന്ത്യയിൽ  പൊതു തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ന്യൂഡൽഹിയോ ഒട്ടാവയോ ഉടൻ ഒത്തുതീർപ്പിനായി നടപടികൾ കൈക്കൊള്ളുമെന്ന് തോന്നുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *