കല്‍പ്പറ്റ: വയനാട്ടിലെ തലപ്പുഴ പേരിയയില്‍ തണ്ടര്‍ബോള്‍ട്ടും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍. പെരിയ ചപ്പാരം കോളനിയിലാണ് ഇന്നലെ ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് പറയുന്നു. അതേസമയം രണ്ട് മാവോവാദികളെ കസ്റ്റഡിയിലെടുത്തതായും പോലീസ് വ്യക്തമാക്കി. പിടിയിലായവര്‍ ചന്ദ്രു, ഉണ്ണിമായ എന്നിവരാണെന്ന് സൂചനയുണ്ട്. മൂന്ന് പേര്‍ കടന്നുകളഞ്ഞതായും റിപ്പോര്‍ട്ട്.
അതേസമയം കസ്റ്റഡിയിലെടുത്തവരെ കല്‍പ്പറ്റ എആര്‍ ക്യാമ്പിലേക്ക് മാറ്റി. വെടിവെപ്പില്‍ ഒരു മാവോയിസ്റ്റിന് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. പെരിയ ചപ്പാരം ഭാഗത്തെ വനമേഖലയില്‍ തണ്ടര്‍ ബോള്‍ട്ട് സംഘം നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. അതേസമയം വനാതിര്‍ത്തിയില്‍ വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി 7 മണിയോടെയാണ് നാലംഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്.
ഇവിടെ നിന്ന് ഇവര്‍ മൊബൈല്‍ ചാര്‍ജ് ചെയ്തു. പിന്നീട് ഭക്ഷണം കഴിക്കാന്‍ കാത്തിരുന്നു. ഉച്ചയോടെ തന്നെ തണ്ടര്‍ബോള്‍ട്ട് അതീവരഹസ്യമായി ഈ പരിസരത്ത് നിലയുറപ്പിച്ചിരുന്നു. മാവോയിസ്റ്റുകള്‍ കോളനിയിലേക്ക് എത്തുന്ന ഓരോ നീക്കവും ഇവര്‍ നിരീക്ഷിച്ചിരുന്നു. ഇവര്‍ പുറത്തിറങ്ങുമ്പോള്‍ പിടികൂടാനായിരുന്നു ശ്രമം. വീട് വളഞ്ഞ തണ്ടര്‍ബോള്‍ട്ട് ആകാശത്തേക്ക് വെടിവെച്ച് കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
വീടിന് അകത്തുണ്ടായിരുന്നവരാണ് പോലീസിന് നേരെ വെടിവെച്ചത്. ഒടുവില്‍ വീട്ടിലേക്ക് കയറിയാണ് തണ്ടര്‍ബോള്‍ട്ട് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം വീട് ഇപ്പോള്‍ പോലീസ് നിരീക്ഷണത്തിലാണ്. കൂടുതല്‍ പോലീസുകാര്‍ ഇവിടെ എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാവോയിസ്റ്റ് സംഘങ്ങള്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്ന കൊറിയര്‍ സംഘാംഗത്തെ മാവോ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് കോഴിക്കോട് നിന്ന് പിടികൂടിയിരുന്നു.
ഇയാളില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. രഹസ്യമായി ഉള്‍ക്കാടുകളില്‍ പ്രവര്‍ത്തിക്കുന്ന മാവോ സംഘങ്ങള്‍ക്ക് നാട്ടിലെ വിവരങ്ങള്‍ എത്തിക്കുകയും പുറത്തുള്ളവര്‍ക്ക് വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്നവരാണ് കൊറിയര്‍ സംഘങ്ങള്‍. വയനാട്ടില്‍ ഇത് നാലാം തവണയാണ് പോലീസും മാവോയിസ്റ്റുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടലുണ്ടാകുന്നത്.