ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. ഒരു അന്താരാഷ്ട്ര തുരങ്ക നിര്‍മാണ വിദഗ്ധ സംഘം സ്ഥലത്തെത്തി. ഇന്റര്‍നാഷണല്‍ ടണലിംഗ് ആന്‍ഡ് അണ്ടര്‍ഗ്രൗണ്ട് സ്പേസ് അസോസിയേഷന്‍ പ്രസിഡന്റ് അര്‍നോള്‍ഡ് ഡിക്സും രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം ഒമ്പതാം ദിവസത്തിലേക്ക് കടന്നതോടെ ഇനി ഒട്ടും വൈകരുതെന്ന നിലപാടിലാണ് അധികൃതര്‍.
‘ഞങ്ങള്‍ ആ തൊഴിലാളികളെ പുറത്തെത്തിക്കാന്‍ പോകുകയാണ്. വലിയ ജോലിയാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ മുഴുവന്‍ ടീമും ഇവിടെയുണ്ട്. ഇതുവരെ രക്ഷപ്പെട്ടവരും രക്ഷപ്പെടുത്തുന്നവരും സുരക്ഷിതരാണ്’, അര്‍നോള്‍ഡ് ഡിക്സ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.
‘ലോകം മുഴുവന്‍ സഹായിക്കുന്നു. അതിശയകരമായ ടീമാണ് ഇവിടെയുള്ളത്. ജോലി വളരെ ചിട്ടയായാണ് നടക്കുന്നത്. തൊഴിലാളികള്‍ക്ക് ഭക്ഷണവും മരുന്നുകളും കൃത്യമായി നല്‍കുന്നുണ്ട്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) ചാര്‍ ധാം റൂട്ടിലെ സില്‍ക്യാര തുരങ്കത്തിന്റെ ബാര്‍കോട്ട് അറ്റത്ത് ലംബ ഡ്രില്ലിംഗ് ചുമതല ഏറ്റെടുത്തിരുന്നു. അതിന്റെ ഒരു ഭാഗം നവംബര്‍ 12 ന് ആണ് തകര്‍ന്നത്. ഒഎന്‍ജിസി ഡ്രില്ലിംഗ് മേധാവി തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കുകയും അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒഎന്‍ജിസി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (ബിആര്‍ഒ) നവംബര്‍ 22-ന് റോഡിന്റെ അലൈന്‍മെന്റ് അന്തിമമാക്കും.
സില്‍ക്യാരയുടെ ഒരറ്റത്ത് വെര്‍ട്ടിക്കല്‍ ഡ്രില്ലിംഗിനായി റെയില്‍ വികാസ് നിഗം ലിമിറ്റഡിനെ (ആര്‍വിഎന്‍എല്‍) ചുമതലപ്പെടുത്തിയിട്ടുണ്ട്. ആകെ പ്ലാന്‍ ചെയ്ത 1,150 മീറ്ററില്‍ തുരങ്കത്തിലേക്കുള്ള പ്രവേശന റോഡിന്റെ 970 മീറ്ററും ബിആര്‍ഒ ഞായറാഴ്ച പൂര്‍ത്തിയാക്കി. ബാക്കിയുള്ള ദൂരം തിങ്കളാഴ്ചയോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. വൈദ്യുത കണക്ഷനുവേണ്ടി ആര്‍വിഎന്‍എല്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇത് ജില്ലാ ഭരണകൂടം പരിശോധിക്കുകയാണ്. നവംബര്‍ 26ന് ലംബ ഡ്രില്ലിംഗ് പൂര്‍ത്തിയാകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ച് 170 മീറ്റര്‍ ടണല്‍ നിര്‍മ്മിക്കാനും ആര്‍വിഎന്‍എല്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അത് നവംബര്‍ 21-ന് സൈറ്റിലെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നവംബര്‍ 23-ന് എല്ലാ സജ്ജീകരണവും പൂര്‍ത്തിയാകുമെന്നാണ് ആര്‍വിഎന്‍എല്ലിന്റെ പ്രതീക്ഷ. ഇതിനിടെ റീസൈക്ലിംഗ് ഓപ്ഷനുകള്‍ ഉപയോഗിച്ച് ജലസ്രോതസ്സുകള്‍ കണ്ടെത്തി. സംസ്ഥാന സര്‍ക്കാര്‍ പൈപ്പ് ഉപയോഗിക്കുന്നതിന് ജില്ലാ മജിസ്ട്രേറ്റിന്റെ അനുമതി ആവശ്യമാണ്.
സ്ഥലം വിലയിരുത്തലും തൊഴിലാളികളെ സംഘടിപ്പിക്കുന്നതും പൂര്‍ത്തിയാക്കിയതിന് ശേഷം 483 മീറ്റര്‍ ടണല്‍ നിര്‍മാണം ടിഎച്ച്ഡിസി ഇന്ത്യ ലിമിറ്റഡിനെ ഏല്‍പ്പിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. തിങ്കളാഴ്ച മുതല്‍ ടണല്‍ ബോറിംഗ് ആരംഭിക്കും.
നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന് (എന്‍എച്ച്‌ഐഡിസിഎല്‍) തുരങ്കം ബലപ്പെടുത്താനും രക്ഷപ്പെടാനുള്ള പാത നിര്‍മിക്കാനുമുള്ള ചുമതലയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്കായി അവശിഷ്ടങ്ങള്‍ക്കിടയിലൂടെ 150 എംഎം സ്റ്റീല്‍ പൈപ്പ് സ്ഥാപിക്കുകയാണ്. അതിനുള്ള മൂന്നാമത്തെ ശ്രമമാണ് നടക്കുന്നത്.
നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പ്പറേഷനേയും (എന്‍എച്ച്പിസി) സത്ലജ് ജല്‍ വിദ്യുത് നിഗം ലിമിറ്റഡിനേയും (എസ്ജെവിഎന്‍എല്‍) സില്‍ക്യാരയുടെ ഒരറ്റത്ത് 1-1.2 മീറ്റര്‍ വ്യാസമുള്ള കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതല്‍ ജോലി ആരംഭിക്കാനാണ് തീരുമാനം

Leave a Reply

Your email address will not be published. Required fields are marked *