കൊച്ചി : തൃപ്പൂണിത്തറയിലേയ്ക്കുള്ള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം ഇന്ന് തുടങ്ങും. രാത്രി 11.30നാണ് എസ്‌എൻ ജംഗ്ഷൻ സ്റ്റേഷനില്‍ നിന്ന് തൃപ്പൂണിത്തുറയിലേയ്ക്കുള്ള ആദ്യ യാത്ര.കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. എസ്.എൻ ജംഗ്ഷനില്‍ നിന്ന് തൃപ്പൂണിത്തുറ വരെ 1.18 കിലോമീറ്ററിന്റെ നിര്‍മ്മാണമാണ് അവസാനഘട്ട ത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയായി. സിഗ്നലിംഗ്, ടെലികോം, ട്രാക്ഷൻ ജോലികളും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയല്‍ റണ്‍ ഉടൻ ആരംഭിക്കും.റെയില്‍വേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിര്‍മ്മാണത്തിന് വേഗതയേറിയത്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രോയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്‌എൻ ജംഗ്ഷൻ-തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60 മീറ്റര്‍ മേഖലയിലാണ്.ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടം. 1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷനില്‍ 40,000 ചതുരശ്ര അടി, ടിക്കറ്റ് ഇതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്.