ശ്രീനഗർ:ജമ്മു കശ്മീരിലെ രജൗരിയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം അഞ്ചായി. ഇന്ന് രാവിലെ ചികിത്സയിലുണ്ടായിരുന്ന രണ്ടു സൈനികര്‍ കൂടി വീരമൃത്യു വരിച്ചു.ഇന്നലെ സൈനിക വാഹനങ്ങള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.മൂന്നുപേരെയാണ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവരില്‍ രണ്ടുപേരാണ് ഇന്ന് രാവിലെ വീരമൃത്യു വരിച്ചത്. അതേസമയം, രജൗരിയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഭീകരര്‍ക്കായി വ്യാപക തെരച്ചിലാണ് സൈന്യം നടത്തുന്നത്. സംഭവത്തെതുടര്‍ന്ന് മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കി. അതിര്‍ത്തികളില്‍ ഉള്‍പ്പെടെ വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ഒളിച്ചിരിക്കുന്ന ഭീകരരെ കണ്ടെത്താൻ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. മേഖലയിലേക്ക് കൂടുതല്‍ സൈനികര്‍ എത്തിയിട്ടുണ്ട്.
ഭീകരര്‍ക്കായി തെരച്ചില്‍ നടത്തുന്ന മേഖലയിലേക്ക് പോവുകയായിരുന്ന സൈനിക സംഘത്തിന് നേരെയാണ് ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. ഇന്നലെ വൈകിട്ട് നാല് മണിയോടെ രജൗരി – പൂഞ്ച് ജില്ലകളുടെ അതിര്‍ത്തിമേഖലയിലുള്‍പ്പെട്ട ദേര കി ഗലിയിലൂടെ സഞ്ചരിക്കുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ വെടിയുതിര്‍ത്തത്. സൈനികര്‍ സഞ്ചരിച്ച ജിപ്സിയും മിനിട്രക്കുമാണ് ആക്രമിക്കപ്പെട്ടത്.
ബഫിലിയാസിലെ 48 രാഷ്ട്രീയ റൈഫിള്‍സിന്‍റെ ആസ്ഥാനത്തുനിന്നും ദേരകിഗലിയില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തുന്ന ഭീകരര്‍ക്കായുള്ള തെരച്ചിലില്‍ പങ്കുചേരാൻ പോവുകയായിരുന്നു സൈനിക സംഘം. സൈന്യം ഉടൻ തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് ഗുരുതരമായി പരിക്കേറ്റതായും വിവരമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *