ടി20 ലോകകപ്പ് ഗ്രൂപ്പ് എ യിലെ തങ്ങളുടെ മൂന്നാം മത്സരത്തിൽ അമേരിക്കയെ പരാജയപ്പെടുത്തിയിരിക്കുകയാണ് രോഹിത് ശർമ നയിക്കുന്ന ടീം ഇന്ത്യ (India Cricket Team). ന്യൂയോർക്കിൽ നടന്ന കളിയിൽ ഏഴ് വിക്കറ്റിന്റെ ജയമായിരുന്നു ടീം ഇന്ത്യ നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എയുടെ സ്കോർ 20 ഓവറുകളിൽ 110/8 ന് ഒതുങ്ങിയപ്പോൾ, ഇന്ത്യ 18.2 ഓവറുകളിൽ മൂന്ന് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ചെറിയ വിജയലക്ഷ്യമാണ് പിന്തുടരാൻ ഉണ്ടായിരുന്നതെങ്കിലും ഒരു ഘട്ടത്തിൽ ഇന്ത്യ ബാറ്റിങ്ങിൽ പതറിയിരുന്നു. ജയിക്കാൻ ഇന്ത്യക്ക് കുറച്ച് വിയർക്കേണ്ടി വരുമെന്ന് കരുതിയിരുന്നപ്പോളാണ് ഭാഗ്യം പെനാൽറ്റി റൺസിന്റെ രൂപത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചത്. എന്തിനാണ് ഈ കളിയിൽ ഇന്ത്യയ്ക്ക് പെനാൽറ്റി റൺസ് കിട്ടിയത്
111 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15 ഓവറുകൾ അവസാനിക്കുമ്പോൾ 76/5 എന്ന നിലയിലായിരുന്നു. അവസാന അഞ്ച് ഓവറുകളിൽ ജയിക്കാൻ 35 റൺസാണ് ഇന്ത്യയ്ക്ക് ഈ സമയം വേണ്ടിയിരുന്നത്. ന്യൂയോർക്കിലെ വേഗത കുറഞ്ഞ വിക്കറ്റിൽ എന്ത് വേണമെങ്കിലും സംഭവിക്കാവുന്ന അവസ്ഥ. എന്നാൽ പതിനാറാം ഓവർ ആരംഭിക്കാൻ സമയ താമസമെടുത്തു. പിന്നാലെ ഫീൽഡ് അമ്പയർ അമേരിക്കൻ നായകനോട് സംസാരിക്കുന്നതും ഇന്ത്യയ്ക്ക് അഞ്ച് റൺസ് പെനാൽറ്റിയായി നൽകുന്നതുമാണ് ക്രിക്കറ്റ് ലോകം കണ്ടത്. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 30 പന്തിൽ 30 റൺസായി മാറി.
ടി20 ക്രിക്കറ്റിലെ പുതിയ നിയമം അനുസരിച്ച് ഫീൽഡിങ് ടീം ഒരു ഓവർ പൂർത്തിയായി 60 സെക്കൻഡിനുള്ളിൽ (ഒരു മിനിറ്റിനുള്ളിൽ) അടുത്ത ഓവർ ആരംഭിക്കേണ്ടതുണ്ട്. ഓവറുകൾ പൂർത്തിയാകുന്നതോടെ ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രോണിക്ക് ക്ലോക്ക് 60 ൽ നിന്ന് പൂജ്യത്തിലേക്ക് കൗണ്ട് ചെയ്യാൻ തുടങ്ങും. 60 സെക്കൻഡിനുള്ളിൽ പുതിയ ഓവർ എറിയുന്നതിൽ വീഴ്ച വരുത്തിയാൽ ആദ്യ തവണ ഫീൽഡിങ് ക്യാപ്റ്റന് അമ്പയർമാർ മുന്നറിയിപ്പ് നൽകും ഒപ്പം ഇക്കാര്യം ബാറ്റർമാരെ അറിയിക്കുകയും ചെയ്യും. രണ്ടാം തവണയും ഇക്കാര്യത്തിൽ ബോളിങ് ടീം വീഴ്ച വരുത്തിയാൽ ഇതേ പ്രക്രിയ തന്നെ അമ്പയർ തുടരും, ഒപ്പം ഇത് അവസാനത്തെ മുന്നറിയിപ്പാണെന്ന ഓർമ്മപ്പെടുത്തലും നൽകും.
പുതിയ ഓവർ ആരംഭിക്കാൻ മൂന്നാം തവണയും ഫീൽഡിങ് ടീം 60 സെക്കൻഡിൽ കൂടുതൽ സമയമെടുത്താലാണ് പെനാൽറ്റി റൺസ് വരുന്നത്. ഇന്ത്യക്കെതിരെ മൂന്ന് തവണയാണ് പുതിയ ഓവർ ആരംഭിക്കാൻ അമേരിക്ക 60 സെക്കൻഡിലധികം സമയമെടുത്തത്. ഇതോടെയാണ് അവർക്കെതിരെ അമ്പയർമാർ അഞ്ച് പെനാൽറ്റി റൺസ് വിധിച്ചത്. ഇത് ഇന്ത്യയ്ക്ക് ഗുണമാവുകയും ടീമിന്റെ ചേസ് എളുപ്പമാവുകയും ചെയ്തു