ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്, റായ്‍ബറേലി സീറ്റുകളിൽ വിജയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വയനാട് സീറ്റ് ഒഴിയുമെന്ന് പ്രഖ്യാപനം. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും ഖർഗെ പ്രഖ്യാപിച്ചു. മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ നടന്ന യോഗത്തിന് ശേഷമായിരുന്നു പ്രഖ്യാപനം
രാഹുൽ ഗാന്ധി രണ്ട് ലോക്‌സഭാ സീറ്റുകളിൽനിന്ന് വിജയിച്ചെങ്കിലും നിയമപ്രകാരം ഒരു സീറ്റ് ഒഴിയണം. റായ്ബറേലി സീറ്റ് നിലനിർത്തി വയനാട് ലോക്‌സഭാ സീറ്റ് രാഹുൽ ഗാന്ധി ഒഴിയും. പ്രിയങ്ക ഗാന്ധിയെ വയനാട് ലോക്‌സഭാ മണ്ഡലത്തിൽനിന്ന് മത്സരിപ്പിക്കാൻ ഞങ്ങൾ തീരുമാനിച്ചു” – മല്ലികാർജുൻ ഖർഗെ മാധ്യമങ്ങളോട് പറഞ്ഞു.
വയനാടുമായും റായ്ബറേലിയുമായും തനിക്ക് വൈകാരിക ബന്ധമുണ്ടെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. കഴിഞ്ഞ അഞ്ച് വർഷമായി താൻ വയനാട്ടിൽ നിന്നുള്ള എംപിയായിരുന്നു. ജനങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി പറയുന്നു. പ്രിയങ്ക ഗാന്ധി വയനാട്ടിൽനിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുമെങ്കിലും ഞാൻ ഇടയ്ക്കിടെ വയനാട് സന്ദർശിക്കും. റായ്ബറേലിയുമായി തനിക്ക് പഴയ ബന്ധമുണ്ട്, അവരെ വീണ്ടും പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, പക്ഷേ അതൊരു കടുത്ത തീരുമാനമായിരുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.പ്രിയങ്ക ഗാന്ധി തെരഞ്ഞെടുപ്പിനെ നേരിടാൻ പോകുകയാണ്. പ്രിയങ്ക വിജയിക്കുമെന്ന് ഉറപ്പുണ്ട്. വയനാട്ടുകാർക്ക് രണ്ട് പാർലമെൻ്റ് അംഗങ്ങൾ ഉണ്ടെന്ന് കരുതാം, ഒരാൾ തൻ്റെ സഹോദരിയും മറ്റേയാൾ താനുമാണ്. വയനാട്ടിലെ ജനങ്ങൾക്കായി തൻ്റെ വാതിലുകൾ എപ്പോഴും തുറന്നിരിക്കും, വയനാട്ടിലെ ഓരോ വ്യക്തിയെയും താൻ സ്നേഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.