കോട്ടയം: ഓട്ടോറിക്ഷയെ ഔദ്യോഗിക ചിഹ്നമായി അംഗീകരിച്ചുകൊണ്ട് കേരള കോൺഗ്രസ് (ജോസഫ് വിഭാഗം) പുതിയ മാർഗത്തിൽ മുന്നേറുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്ന സന്തോഷത്തിലാണ് പാർട്ടിയുടെ ഈ പുതിയ തീരുമാനം. കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗവുമായി രണ്ടില ചിഹ്നത്തിനായുള്ള തർക്കം അവസാനിപ്പിച്ച് പുതിയ ചിഹ്നം നേടിയെടുക്കുന്നതിനാണ് ഈ നീക്കം. പാർട്ടി ചെയർമാൻ പിജെ ജോസഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് സ്ഥിരം ചിഹ്നമായി ഓട്ടോറിക്ഷ അനുവദിക്കണമെന്ന് ആവശ്യപ്പെടും.

കേരള കോൺഗ്രസ് (എം) രണ്ടായി പിളർന്നതിന് ശേഷമായിരുന്നു ചിഹ്നത്തെച്ചൊല്ലിയുള്ള തർക്കം ആരംഭിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഓട്ടോറിക്ഷ ചിഹ്നത്തിലായിരുന്നു മത്സരിച്ചിരുന്നത്. കോട്ടയം മണ്ഡലത്തിൽ രണ്ടില ചിഹ്നമുള്ള എതിർസ്ഥാനാർഥിയെ പരാജയപ്പെടുത്തി ഓട്ടോ വിജയിച്ചതോടെ, ഈ ചിഹ്നം തുടരണമെന്നാണ് പാർട്ടി നിശ്ചയിച്ചത്.

പാർട്ടി ഉന്നതാധികാര സമിതിയുടെ യോഗത്തിൽ ഈ തീരുമാനം ഔദ്യോഗികമാക്കിയതോടെ, ജോസഫ് വിഭാഗം നേതാക്കൾ ഓട്ടോ ചിഹ്നവുമായി മുന്നോട്ടുപോകാനുള്ള ഒരുക്കത്തിലാണ്. ഓട്ടോ ചിഹ്നം ഔദ്യോഗികമായി ലഭിച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അത് വലിയ നേട്ടമാകും എന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ഈ പശ്ചാത്തലത്തിലാണ് ഓട്ടോ ചിഹ്നം അനുവദിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് അപേക്ഷിക്കാൻ പിജെ ജോസഫിനെ ഉന്നതാധികാര സമിതി ചുമതലപ്പെടുത്തിയിരിക്കുന്നത്. സ്ഥാന പാർട്ടി പദവി ഉറപ്പിച്ചിരിക്കുന്ന കേരളാ കോൺഗ്രസ് (ജോസഫ് വിഭാഗം) ചിഹ്നം ലഭിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചാൽ തുടർ നടപടി കമ്മീഷനാകും. കേരള കോൺഗ്രസ് (എം)യിൽ ലയിക്കുന്നതിന് മുൻപ് പിജെ ജോസഫിന്റെ ചിഹ്നം സൈക്കിളായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *