കിംഗ്സ്ടൗൺ: ടി20 ലോകകപ്പിൽ ചരിത്രമെഴുതി അഫ്ഗാനിസ്ഥാൻ. ആദ്യമായാണ് അഫ്ഗാനിസ്ഥാൻ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ കടക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ 115 റൺസ് നേടി. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശ് 17.5 ഓവറിൽ 105 റൺസിൽ ഓൾ ഔട്ട് ആയതോടെ ഡക്ക്വർത്ത്-ലൂയിസ് നിയമപ്രകാരം എട്ട് റൺസിനാണ് അഫ്ഗാന്റെ വിജയം.
മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട തുടക്കമുണ്ടായിരുന്നു. ആദ്യ വിക്കറ്റിൽ 59 റൺസ് പിറന്നെങ്കിലും ഇബ്രാഹിം സദ്രാന് (18 റൺസ്, 29 പന്ത്) ആയും റഹ്മനുള്ള ഗുർബാസ് (43 റൺസ്, 55 പന്ത്) യും മെല്ലെ കളിച്ചതാണ് ടീമിനെ ചെറിയ സ്കോറിൽ ഒതുക്കിയത്. ക്യാപ്റ്റൻ റാഷിദ് ഖാന്റെ (19 റൺസ്, 10 പന്ത്) അവസാന നിമിഷം ആഞ്ഞടിച്ച ബാറ്റിംഗ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചു.
12.1 ഓവറിൽ വിജയലക്ഷ്യം നേടിയാൽ മാത്രമേ ബംഗ്ലാദേശിന് സെമി സാധ്യതയുണ്ടായിരുന്നുള്ളു. മറുപടി ബാറ്റിംഗിൽ ഇടവിട്ട് പെയ്ത മഴയിലും ബംഗ്ലാദേശ് വെടിക്കെട്ട് നടത്തി. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴുകയായിരുന്നു. റാഷിദ് ഖാൻ നാല് വിക്കറ്റുകൾ വീഴ്ത്തി ബംഗ്ലാദേശിനെ പ്രതിസന്ധിയിലാക്കി. അഫ്ഗാൻ ജയിച്ചതോടെ ഓസ്ട്രേലിയ ടി20 ലോകകപ്പിൽ നിന്ന് പുറത്തായി.
മത്സരം വിജയിച്ചാൽ മാത്രമെ അഫ്ഗാനിസ്ഥാന് സെമിയിൽ എത്താൻ കഴിയുമായിരുന്നുള്ളു. ഇടയിൽ പെയ്ത മഴയിൽ ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 19 ഓവറിൽ 114 ആയി ചുരുങ്ങി. അഫ്ഗാന്റെ ചരിത്ര നേട്ടത്തിന് തടസമായി നിന്നത് ലിട്ടൺ ദാസിന്റെ ബാറ്റിംഗാണ്. ഓപ്പണറായി ഇറങ്ങി അവസാന നിമിഷം വരെ ലിട്ടൺ (54 റൺസ്) പോരാടിയെങ്കിലും, അഫ്ഗാൻ എട്ട് റൺസിന്റെ വിജയം കുറിച്ചു.