കണ്ണൂര്‍: പ്ലാറ്റ്ഫോമുകളുടെ നീളക്കുറവ് തീവണ്ടികളിലെ കോച്ചുകള്‍ കൂട്ടുന്നതിന് തടസ്സമാകുന്നു. നേത്രാവതി, മംഗള എക്സ്പ്രസുകള്‍ ഉള്‍പ്പെടെ എല്‍.എച്ച്.ബി. (ലിങ്ക് ഹോഫ്മാന്‍ ബുഷ്) കോച്ചുള്ള വണ്ടികള്‍ക്കാണ് ഇത് തിരിച്ചടിയാകുന്നത്.
നിലവില്‍ കേരളത്തിലെ പ്ലാറ്റ്ഫോം നിര്‍മിച്ചിരിക്കുന്നത് 24 ഐ.സി.എഫ്. കോച്ചുകള്‍ ഉള്‍ക്കൊള്ളുന്ന രീതിയിലാണ്. ഒരു ഐ.സി.എഫ്. കോച്ചിന് 22.3 മീറ്റര്‍ നീളമുണ്ട്. എന്‍ജിനടക്കം 25 കോച്ച് ഒരു പ്ലാറ്റ്ഫോമില്‍ നിര്‍ത്താന്‍ ചുരുങ്ങിയത് 560 മീറ്റര്‍ നീളം വേണം.
ജനറല്‍ കോച്ചുകള്‍ കുറച്ച ദീര്‍ഘദൂര വണ്ടികളില്‍ ഭൂരിഭാഗവും എല്‍.എച്ച്.ബി. കോച്ചുകളിലാണ് ഓടുന്നത്. വടക്കന്‍ കേരളത്തില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്നതും ജനറല്‍ കോച്ചുകള്‍ കുറവായതുമായ തിരുവനന്തപുരം-മുംബൈ നേത്രാവതി (16346), എറണാകുളം-നിസാമുദ്ദീന്‍ മംഗള (12617) വണ്ടികളില്‍ 24 കോച്ചും ഘടിപ്പിക്കാനാകുന്നില്ല. അങ്ങനെ ഘടിപ്പിച്ചാല്‍ രണ്ടു കോച്ചുകള്‍ പ്ലാറ്റ്ഫോമിന് വെളിയില്‍ നില്‍ക്കും.