കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ തലസ്ഥാനമായ കൊല്‍ക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ വെള്ളത്തില്‍ മുങ്ങി. കൊല്‍ക്കത്തയിലും സമീപ ജില്ലകളിലും പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നാണ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയത്. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ടയറുകള്‍ പാതിയോളം വെള്ളത്തില്‍ മുങ്ങിയ നിലയിലാണുള്ളത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്നത്. കൊല്‍ക്കത്ത, ഹൗറ, സോള്‍ട്ട് ലേക്ക്, ബാരക്ക്പുര്‍ എന്നിവിടങ്ങളിലാണ് മഴമൂലമുള്ള വെള്ളക്കെട്ട് രൂക്ഷം. ഇവിടങ്ങളില്‍ ശനിയാഴ്ച മുഴുവന്‍ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്‌ക്കൊപ്പം ഇടിയും മിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.