കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ നിലവിൽ പ്രതിസന്ധിയിലാണെന്ന് ബന്ധുക്കൾ. അർജുനായുള്ള തിരച്ചിൽ വെള്ളിയാഴ്ച പുനഃരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെന്നും പക്ഷേ ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നും അർജുന്റെ ബന്ധു ജിതിൻ പറഞ്ഞു.
കാർഷിക സർവകലാശാലയിൽ നിന്നെത്തിയ സംഘം റിപ്പോർട്ട് കൊടുത്തെന്നും അതിന്റെ അവലോകനം വെള്ളിയാഴ്ച നടന്നെന്നുമാണ് അറിഞ്ഞത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വിവരങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. അദ്ദേഹം ബന്ധപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നാണ് അറിയച്ചതെന്നും ജിതിൻ പറഞ്ഞു.
കർണാടക സർക്കാരിൽനിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. ഈശ്വർ മാൽപെയുമായി ബന്ധപ്പെട്ടിരുന്നു. പുഴയിലിറങ്ങാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ, സർക്കാരിൽനിന്ന് അനുമതി ലഭിക്കാതെ ഇറങ്ങാൻ സാധിക്കുമോ എന്നതിൽ വ്യക്തതയില്ല