ന്യൂസിലന്‍ഡിന് എതിരായ ബെംഗളൂരു ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സില്‍ 46 റണ്‍സില്‍ ഇന്ത്യ ഓള്‍ ഔട്ടായതില്‍ കുറ്റമേറ്റ് നായകന്‍ രോഹിത് ശര്‍മ. തനിക്കു സംഭവിച്ച പിഴവാണ് തകര്‍ച്ചയ്ക്ക് കാരണമെന്ന് താരം. അതൊരു മോശം ദിവസമായിരുന്നു, പിച്ചിനെക്കുറിച്ച് കാര്യമായി ശ്രദ്ധിച്ചില്ല എന്നും രോഹിത്.

‘46 എന്ന സ്കോർ കാണുമ്പോൾ സങ്കടമുണ്ട്. എന്‍റെ പിഴവാണ് എല്ലാറ്റിനും കാരണം. ഒരു വർഷം രണ്ടോ മൂന്നോ തെറ്റായ തീരുമാനങ്ങൾ സ്വാഭാവികമാണ്. അത്തരമൊന്നായി ഇതിനെ കാണുന്നു. കിവീസ് പേസർമാരെ ചെറുത്തുനി‍ൽക്കാൻ കൂടുതല്‍ ശ്രദ്ധിക്കണമായിരുന്നു. എന്നാല്‍ അതിന് സാധിച്ചില്ല. ഇതിനു മുൻപും ഇതേയിടത്ത് ഒരുപാട് മത്സരങ്ങള്‍ക്കെത്തിയിട്ടുണ്ട്.

എന്നാല്‍ ഇതൊരു മോശം ദിവസമായി. എല്ലാംതിരിച്ചടികളായി. പിച്ച് പതിയെ സ്പിന്നർമാർക്ക് അനുകൂലമാകുമെന്നായിരുന്നു കരുതിയത്. പക്ഷേ പിച്ചിൽ പുല്ല് ഒട്ടുമില്ലായിരുന്നു. ഈ സാഹചര്യത്തിൽ പേസർ ആകാശ് ദീപിനു പകരം ഫ്ലാറ്റ് വിക്കറ്റുകളിൽ നന്നായി പന്തെറിയുന്ന പതിവുള്ള കുൽദീപ് യാദവിനെ ഉൾപ്പെടുത്താനും തീരുമാനിച്ചു’ എന്നാണ് കുറ്റമേറ്റ് താരം പറഞ്ഞത്.

ഇന്ത്യന്‍ നിരയില്‍ രണ്ട് താരങ്ങള്‍ മാത്രമാണ് സ്കോര്‍ രണ്ടക്കം കടത്തിയത്. 49 പന്തില്‍ നിന്ന് 20 റണ്‍സ് എടുത്ത ഋഷഭ് പന്ത് ആണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. യശസ്വി ജയ്സ്വാള്‍ 63 പന്തില്‍ നിന്ന് 13 റണ്‍സ് നേടി. മാറ്റ് ഹെന്‍​റി അഞ്ച് വിക്കറ്റും വില്‍ നാല് വിക്കറ്റും പിഴുതു. ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും കുറഞ്ഞ മൂന്നാമത്തെ ടോട്ടലാണ് ഇത്.

അഞ്ച് താരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ പൂജ്യത്തിന് പുറത്തായത്. മൂന്ന് സ്പെഷ്യലിസ്റ്റ് പേസര്‍മാരുടെ കൈകളിലേക്ക് മാത്രം പന്ത് നല്‍കിയാണ് ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ഇന്ത്യന്‍ ഇന്നിങ്സ് തകര്‍ത്തത്.

9 പന്തില്‍ കോലിയും മൂന്ന് പന്തില്‍ സര്‍ഫറാസ് ഖാനും ആറ് വീതം പന്തില്‍ രവീന്ദ്ര ജഡേജയും ആര്‍ അശ്വിനുമാണ് പൂജ്യത്തിന് പുറത്തായത്.ഇന്ത്യന്‍ ഇന്നിങ്സിന്‍റെ ഏഴാമത്തെ ഓവറിലെ നാലാത്തെ പന്തില്‍ രോഹിത് ശര്‍മയെ മടക്കി ഹെന്‍​റിയാണ് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ സ്കോര്‍ 7 ഓവറില്‍ 9 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് രോഹിത് ശര്‍മ മടങ്ങിയത്. പിന്നാലെ വണ്‍ഡൗണായി ഇറങ്ങിയ കോലിയെ വില്ലും സര്‍ഫറാസ് ഖാനെ ഹെ​ന്‍റിയും കൂടാരം കയറ്റി.

വില്ലിന്റെ ഗുഡ് ലെങ്ത് ‍ഡെലിവറിയില്‍ വന്ന എക്സ്ട്രാ ബൗണ്‍സ് കോലിയുടെ കടക്കുകൂട്ടല്‍ തെറ്റിച്ചു. ഷോര്‍ട്ട് ലെഗ്ഗില്‍ ഫിലിപ്സിന് ക്യാച്ച് നല്‍കിയാണ് കോലി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയത്. ഓഫ് സ്റ്റംപിന് പുറത്തായി എത്തിയ ഡെലിവറിയില്‍ഡ്രൈവിന് ശ്രമിക്കുകയായിരുന്നു സര്‍ഫറാസ് ഖാന്‍. എന്നാല്‍ ഷോര്‍ട്ട് മിഡ് ഓഫില്‍ കോണ്‍വേയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 13-3ലേക്ക് ഇന്ത്യ വീണു.

ഹെന്​റിയുടെ പന്തില്‍ ഔട്ട്സൈഡ് എഡ്ജ് ആയി സെക്കന്‍ഡ് സ്ലിപ്പില്‍ ടോം ലാതമിന് ക്യാച്ച് നല്‍കിയാണ് ഋഷഭ് പന്ത് മടങ്ങിയത്. കെ.എല്‍.രാഹുലിനെ വില്ലും ജഡേജയെ ഹെന്‍​റിയും മടക്കിയതിന് പിന്നാലെ ഇന്ത്യന്‍ വാലറ്റത്തെ അനായാസം കൂടാരം കയറ്റാന്‍ ന്യൂസിലന്‍ഡ് ഫാസ്റ്റ് ബൗളര്‍മാര്‍ക്കായി.

Leave a Reply

Your email address will not be published. Required fields are marked *