ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് പരുക്കേല്‍ക്കാതെ രക്ഷപെട്ടൊരാളുണ്ട്..തിരുവനന്തപുരം മരിയനാട് സ്വദേശി ഷെയ്ന്‍ ഡെന്‍സ്റ്റന്‍. കാറിലുണ്ടായിരുന്ന 11 പേരില്‍ അഞ്ച് സുഹൃത്തുക്കള്‍ മരിച്ചു, അഞ്ചുപേര്‍ ആശുപത്രിയില്‍ ചികില്‍സയില്‍..നടുക്കം മാറാതെ ഷെയ്നും ആശുപത്രിയിലാണ്.

ദുരന്തമേല്‍പ്പിച്ച കനത്ത മാനസികാഘാതത്തെ തുടര്‍ന്ന് ഒരു വാക്കും മിണ്ടാന്‍ ഷെയ്നാവുന്നില്ല.അപകടമുണ്ടായതിന് പിന്നാലെ സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പോലും ഷെയ്ന്‍ കാറിലുണ്ടായിരുന്നുവെന്ന് തിരിച്ചറിയാനായില്ല.

രക്തത്തില്‍ കുളിച്ച് ജീവനറ്റ് കിടന്ന കൂട്ടുകാരെയും ഗുരുതരമായി പരുക്കേറ്റവരെയുമെടുത്ത് ആംബുലന്‍സ് ആശുപത്രിയിലേക്ക് പാഞ്ഞു. മരവിച്ച മനസുമായി പിന്നാലെ വന്നൊരു വാഹനത്തില്‍ കയറി ഷെയ്ന്‍ ഹോസ്റ്റലിലേക്ക് തിരകെ എത്തി.

ആരോടും മിണ്ടാതെ മുറിയില്‍ കയറി വാതിലടച്ചുആശുപത്രിയില്‍ വച്ച് വാഹനമോടിച്ച കുട്ടിയുടെ മൊഴിയെടുത്തതോടെയാണ് കാറില്‍ 11 പേരുണ്ടായിരുന്നുവെന്നും ഷെയ്നാണ് പതിനൊന്നാമനെന്നും തിരിച്ചറിഞ്ഞത്.

ഇതിന് പിന്നാലെ അപകടസ്ഥലത്തും ഹോസ്റ്റലിലും തിരഞ്ഞെത്തിയപ്പോഴാണ് മുറിയില്‍ കതകടച്ചിരിക്കുന്നത് കണ്ടെത്തിയത്. അപകടത്തിന്‍റെ ഷോക്കിലാണെന്ന് മനസിലാക്കിയ സഹപാഠികള്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

നിലവില്‍ നിരീക്ഷണത്തിലാണ് ഷെയ്ന്‍.ഡിസംബര്‍ രണ്ടാം തീയതി രാത്രിയോടെയാണ് ആലപ്പുഴ കളര്‍കോട് വച്ച് കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറി മെഡിക്കല്‍ വിദ്യാര്‍ഥികളായ അ‍ഞ്ചുപേര്‍ മരിച്ചത്. രാത്രി ഒന്‍പതരയോടെയാണ് അപകടമുണ്ടായത്.

വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായിരുന്ന കുട്ടികള്‍ സിനിമയ്ക്ക് പോകുമ്പോഴായിരുന്നു അപകടം. കണ്ണൂര്‍ സ്വദേശി മുഹമ്മദ് ജബ്ബാര്‍, ലക്ഷദ്വീപ് സ്വദേശി ദേവാനന്ദ്, മുഹമ്മദ് ഇബ്രാഹിം, പാലക്കാട് സ്വദേശി ശ്രീദിപ്, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി എന്നി വിദ്യാര്‍ഥികളാണ് മരിച്ചത്.

പെരുംമഴയില്‍ ഓവര്‍ടേക്ക് ചെയ്ത് കയറുന്നതിനിടെ കാര്‍ തെന്നി ബസിന്മുന്നിലേക്ക് നീങ്ങിയതാണെന്നാണ് സംശയം

Leave a Reply

Your email address will not be published. Required fields are marked *