ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിനെ നാളെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. മാര്‍പ്പാപ്പ മുഖ്യ കാര്‍മികത്വം വഹിക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കുംഡിസംബർ 7 ശനിയാഴ്ച ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിനെ മറ്റ് ഇരുപതുപേരോടൊപ്പം കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും . മാർപാപ്പയുടെ കാർമികത്വത്തിൽ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍.
തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവകർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും.
എട്ടാം തീയതി ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും. ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്നത് ഭാരതസഭാചരിത്രത്തിൽ ആദ്യമായാണ്.
കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍. നിസിബിസ് കൽദായ രൂപതയുടെ സ്ഥാനീയ മെത്രാപ്പൊലീത്തയായി മാർ കൂവക്കാട് ചുമതലേയറ്റു. കർദിനാൾ പദവി സ്വീകരിക്കുന്നതോടെ മെത്രാപ്പൊലീത്ത പദവി ഒഴിയും. പിന്നീട് റോമിലെ ചുമതലയാകും വഹിക്കുക.
ചങ്ങനാശേരി അതിരൂപതയിൽ മാർ ആന്റണി പടിയറ, മാർ ജോർജ് ആലഞ്ചേരി എന്നിവർക്കു ശേഷം കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് ചങ്ങനാശേരി മാമ്മോട് ഇടവക അംഗമായ മാര്‍. ജോർജ് ജേക്കബ് കൂവക്കാട്.മാതാപിതാക്കള്‍ ജേക്കബ് വര്‍ഗീസും ത്രേസ്യാമ്മയും സഹോദരന്‍ ആന്റണിയും ചടങ്ങില്‍ പങ്കെടുക്കും .
ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ നേതൃത്വത്തില്‍ ഏഴംഗ സംഘം റോമിലെത്തും. ചങ്ങനാശ്ശേരിയില്‍ നിന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ മാര്‍ ജോസഫ് പെരുന്തോട്ടം ഉള്‍പ്പെടെയുള്ള 12 അംഗസംഘവും ചടങ്ങില്‍ പങ്കെടുക്കും.
2020 മുതല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ യാത്രകള്‍ സംഘടിപ്പിക്കുന്നതിന്‍റെ ഉത്തരവാദിത്തമാണ് മാര്‍ ജോര്‍ജ് കൂവക്കാട് നിര്‍വഹിക്കുന്നത്.