കൊച്ചി: സംസ്ഥാന ദുരന്തനിവാരണ ഫണ്ട് ഓഡിറ്റിങ്ങിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഫണ്ട് എങ്ങനെ ചിലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ലെന്ന് കുറ്റപ്പെടുത്തിയ ഹൈക്കോടതി കേന്ദ്രസർക്കാരിനെ കുറ്റപ്പെടുത്തുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു രൂക്ഷവിമർശനം.ആരെയാണ് സംസ്ഥാന സർക്കാർ വിഡ്ഢികളാക്കാന്‍ നോക്കുന്നതെന്ന് സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി ചോദിച്ചു.

ഫണ്ടില്‍ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് സംസ്ഥാന സർക്കാരിന് ധാരണയില്ല. നീക്കിയിരിപ്പുള്ള 677 കോടി രൂപ കൈവശമില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. അതിനാലാണ് അടിയന്തിരാവശ്യങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കാനാവാത്തതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. 677 കോടി രൂപ ഫണ്ടില്‍ ഉണ്ടോ എന്ന് സംസ്ഥാനത്തിന് ഉറപ്പില്ല.

തുക പാസ്ബുക്കിലുണ്ടാവും എന്നാൽ ബാങ്ക് അക്കൗണ്ടിലുണ്ടോയെന്ന് സര്‍ക്കാരിന് അറിയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.അടിയന്തിര ആവശ്യത്തിന് ഇതില്‍ എത്ര രൂപ ചെലവഴിക്കാനാവുമെന്നും ഹൈക്കോടതി ചോദിച്ചു. എന്നാൽ ഫണ്ടില്‍ വ്യക്തത വരുത്താന്‍ രണ്ട് ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യപ്പെട്ടത്.

ഇതിനോട് കോടതി മുഖം തിരിച്ചു. സാധ്യമായ എല്ലാ സമയവും നല്‍കി, ഇനിയും സമയം നല്‍കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. തുടർന്ന് എസ്ഡിആര്‍എഫ് ഫണ്ടില്‍ വ്യക്തത വരുത്താന്‍ വ്യാഴാഴ്ച വരെ സാവകാശം നൽകുകയും ചെയ്തു.

677 കോടി രൂപ ദുരന്തം നേരിടാന്‍ മതിയായ ഫണ്ടല്ലെന്ന് അമികസ് ക്യൂറി കോടതിയിയിൽ മറുപടി നൽകിയപ്പോൾ അത് തങ്ങൾക്ക് ബോധ്യമുണ്ടെന്നും ഹൈക്കോടതിയുടെ മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *