ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും യുപിഎ മന്ത്രിസഭയിലെ മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. ബെംഗളൂരുവിലെ വസതിയിൽ പുലർച്ചെയായിരുന്നു അന്ത്യം.വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നായിരുന്നു അന്ത്യം. 1999 മുതൽ 2004 വരെ കർണാടകയുടെ മുഖ്യമന്ത്രിയായിരുന്നു. ഇവയ്ക്ക് മുൻപ് നിയമസഭാ സ്‌പീക്കറായും മറ്റും പ്രവർത്തിച്ചു.
ശേഷം 2004 മുതൽ 2008 വരെ മഹാരാഷ്ട്ര ഗവർണറായി. പിന്നീടാണ്, 2009 മുതൽ 2012 വരെ യുപിഎ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായത്. പിന്നീട് കൃഷ്ണ ബിജെപിയിലേക്ക് ചേക്കേറി.കര്‍ണാടകയെ ഐടി ഹബ്ബാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു എസ് എം കൃഷ്ണ. 1962ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്കെത്തിയത്.
കോണ്‍ഗ്രസിന്‍റെ വൊക്കലിഗ മുഖമായിരുന്ന കൃഷ്ണ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍സിംഗ് സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായ നേതാവാണ്. 1962ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നെഹ്റു പ്രചാരണത്തിനെത്തിയിട്ടും കോണ്‍ഗ്രസ് എതിർസ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ ചരിത്രമുള്ള നേതാവാണ് കൃഷ്ണ.
പിന്നീട് 1971ല്‍ കോണ്‍ഗ്രസിലെത്തി. 2023ൽ പത്മ പുരസ്കാരം നൽകി കൃഷ്ണയെ രാജ്യം ആദരിച്ചു.