തിരുവനന്തപുരം വഞ്ചിയൂരിൽ വഴി തടഞ്ഞ് സിപിഐഎം സമ്മേളനത്തിനുള്ള സ്റ്റേജ് കെട്ടിയ സംഭവത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ച് ഡിജിപി. പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു. സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ടിരുന്നുവെന്നും ഡിജിപി വ്യക്തമാക്കുന്നു. പരിപാടി സംഘടിപ്പിച്ചവർക്കെതിരെ കേസെടുത്തുവെന്ന് സംസ്ഥാന പൊലീസ് മേധാവി വ്യക്തമാക്കി.സെക്രട്ടറിയേറ്റിനു മുന്നിലെ സിപിഐ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു.
സംഭവത്തിൽ ഹൈക്കോടതി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. റോഡിൽ എങ്ങനെയാണ് സ്റ്റേജ് കെട്ടിയതെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. വഞ്ചിയൂരിൽ റോഡിൽ സ്‌റ്റേജിന്റെ കാലുകൾ നാട്ടിയത് എങ്ങനെ, റോഡ് കുത്തിപ്പൊളിച്ചോയെന്നും റോഡ് കുത്തിപ്പൊളിച്ചുവെങ്കിൽ കേസ് വേറെയാണ് എന്ന് ഹൈക്കോടതി പറഞ്ഞു.ഒരു കാരണവശാലും ഗതാഗതം തടസ്സപ്പെടുത്താൻ ആവില്ല എന്ന് കോടതി വ്യക്തമാക്കി.
റോഡ് യാത്രകൾക്കും കാൽനടക്കാർക്കും ഒരേ പോലെയാണ് അവകാശമാണ്. കൊച്ചി നഗരസഭ ഓഫീസിന് മുന്നിലെ ഫുട്പാത്തുകൾ പലപ്പോഴും സമരങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. പൊതുയോഗം നടത്താനുള്ള അനുമതി തേടേണ്ടത് എങ്ങനെയാണെന്ന് അറിയില്ലേ എന്ന് കോടതി ചോദിച്ചു.പൊതുവഴിയിലെ യോഗത്തിൽ പങ്കെടുക്കുന്നവർ അതിന്റെ തിക്തഫലം കൂടി അനുഭവിക്കേണ്ടി വരും എന്ന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്.
സംഘാടകരാണ് പ്രധാന ഉത്തരവാദി എന്ന് കോടതി പറഞ്ഞു. സെക്രട്ടറിയറ്റിന് മുന്നിലെ സിപിഐ പരിപാടിക്ക് സ്റ്റേജ് എങ്ങനെ കെട്ടുമെന്നും ഇത്തരം പ്രവർത്തികൾക്ക് ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്ന് കോടതി. നിയമം ലംഘിച്ചവർ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് കോടതി വ്യക്തമാക്കി. ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും ഹൈക്കോടതി പറഞ്ഞു.