ദോഹ: ഖത്തറിലെ കണ്ണൂർ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് 24-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഖൽബിലെ കണ്ണൂർ” സംഗീതനിശ ഡിസംബർ 19ന് വ്യാഴാഴ്ച റീജൻസി ഹാളിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സംഘടനയുടെ ഇരുപത്തിനാലാം വാർഷികത്തിന്റെ ഭാഗമായി അംഗങ്ങളുടെ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാവാനാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഡിസംബർ 19ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് റിജൻസി ഹാളിൽ നടക്കുന്ന പരിപാടി ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്യും. എംബസി അപെക്സ് ബോഡി ഭാരവാഹികൾ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിക്കും.
കണ്ണൂരിനെ അടിസ്ഥാനമാക്കി കുവാഖ് കലാകാരന്മാർ അവതരിപ്പിക്കുന്ന നൃത്തശിൽപം വേദിയിൽ അരങ്ങേറും.തുടർന്ന് നടക്കുന്ന സംഗീതനിശയിൽ കണ്ണൂർ ഷരീഫും സ്റ്റാർ സിംഗർ ജേത്രിയും പിന്നണി ഗായിക ശ്വേത അശോകും ഗാനങ്ങൾ അവതരിപ്പിക്കും. ഇവർക്കൊപ്പം ഖത്തറിൽ നിന്നുള്ള ശിവപ്രിയ സുരേഷ്, റിയാസ് കരിയാട് എന്നിവരും വേദിയിലെത്തും.
പരിപാടിയുടെ ടിക്കറ്റുകൾ ക്യു ടിക്കറ്റ്സിലും കുവാഖ് ഭാരവാഹികൾ മുഖേനയും ലഭിക്കും. ഗുഡ് വിൽ കാർഗോ ടൈറ്റിൽ സ്പോൺസറായ ഖൽബിലെ കണ്ണൂരിന്റെ ഇവന്റ് പാർട്ണർ ക്യൂബ് എന്റർടെയ്ൻമെന്റാണ്. പരിപാടിയോടനുബന്ധിച്ച് 19ന് രാവിലെ ഖത്തറിലെ വളർന്നുവരുന്ന ഗായകർക്കായി വോക്കൽ ട്രെയിനിംഗ് വർക്ഷോപ്പും സംഘടിപ്പിക്കുന്നുണ്ട്.
റിയാലിറ്റി ഷോ മെന്റർ എന്ന നിലയിൽ കണ്ണൂർ ഷരീഫ് നയിക്കുന്ന വർക്ക്ഷോപ്പിൽ ശ്വേത അശോകും പങ്കെടുക്കും.ദോഹയിലെ കലാകാരന്മാർക്കായി ആദ്യമായിട്ടാണ് ഇത്തരമൊരു വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നത്. വർക്ക്ഷോപ്പിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ പുരോഗമിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
100 ഖത്തർ റിയാലാണ് രജിസ്ട്രേഷൻ ഫീസ്. വാർത്താ സമ്മേളനത്തിൽ കുവാഖ് പ്രസിഡന്റ് മുഹമ്മദ് നൗഷാദ് അബു, ജനറൽ സെക്രട്ടറി റിജിൻ പള്ളിയത്ത് സ്ഥാപകാംഗം ഭുവൻ രാജ്, കൾച്ചറൽ വിംഗ് സെക്രട്ടറി ഗോപാലകൃഷ്ണൻ, ഷോ ഡയറക്ടർ രതീഷ് മാത്രാടൻ, സെക്രട്ടറി സൂരജ് രവീന്ദ്രൻ, ട്രഷറർ ആനന്ദജൻ എന്നിവർ പങ്കെടുത്തു.