കൊച്ചി: കോതമംഗലത്ത് ആറുവയസുകാരിയെ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ ദുർമന്ത്രവാദം അല്ലെന്ന് സ്ഥിരീകരണം. പ്രതിയായ അനീഷ രണ്ടാമതും ഗർഭിണിയായതോടെ ഇവർക്കിടയിൽ ആറുവയസുകാരി ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.
ഇന്ന് തെളിവെടുപ്പിനെത്തിക്കും ശേഷം കോടതിയിൽ ഹാജരാക്കും.ഒന്നര മാസം മുമ്പ് അജാസ് ഖാന്റെ ആദ്യ ഭാര്യ ഇവരെ വിളിക്കുകയും മുസ്ക്കാനെ വിട്ട് നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ആദ്യ ഭാര്യ ഈ ആവശ്യം ഉന്നയിച്ച് നിരന്തരം അജാസ് ഖാനുമായി ബന്ധപ്പെട്ടതോടെ ഭർത്താവിനെ നഷ്ടമാകുമോയെന്ന ഭയമാണ് കുട്ടിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കോതമംഗലം നെല്ലിക്കുഴി കുറ്റിലഞ്ഞിക്കു സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന യു പി സ്വദേശിയായ അജാസ് ഖാന്റെ മകള്‍ മുസ്‌ക്കാന്റെ വ്യാഴാഴ്ച രാവിലെ വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്ത് ക്ഷതം കണ്ടിരുന്നു.
ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായതോടെ കൊലപാതകം തെളിയുന്നത്. നേരത്തെ തന്നെ അജാസിന്റെയും ഭാര്യയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
രാത്രി ഉറക്കത്തിനിടെ കുഞ്ഞിനെ രണ്ടാനമ്മ മൂക്കും വായും പൊത്തിപ്പിടിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാത്രി വൈകിയും ഇരുവരെയും ചോദ്യം ചെയ്തു. തുടര്‍ന്നാണ് അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊലപാതകത്തിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്നാണ് പോലീസ് ആദ്യ ഘട്ടത്തിൽ സംശയിച്ചിരുന്നത്. എന്നാൽ തങ്ങൾക്കിടയിൽ ആറുവയസുകാരി മുസ്ക്കാൻ ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് അനീഷ പോലീസിന് മൊഴി നൽകുകയായിരുന്നു. അനീഷ കുട്ടിയെ നിരന്തരം മർദ്ദിച്ചതായും മൊഴിയുണ്ട്.
അതേസമയം സംഭവത്തിൽ അജാസ് ഖാന്റെ പങ്ക് വെളിപ്പെട്ടതിന് ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.