ദളപതി വിജയ്‌യുടെ പവർ കൊണ്ടാണ് ‘ദി ഗോട്ട്’ ഇത്രയും ഹിറ്റായതെന്ന് ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭു. ദളപതിക്ക് ഇത്രയും വലിയൊരു ഹിറ്റ് കൊടുത്തല്ലോ എന്ന് ആലോചിക്കുമ്പോൾ തനിക്കും സന്തോഷമാണ്. എല്ലായിടത്തും ദി ഗോട്ട് നമ്പർ വൺ ആയി എന്നത് ഒരു അനുഗ്രഹമായി താൻ കാണുന്നെന്നും വെങ്കട്ട് പ്രഭു പറഞ്ഞു. ഒരു വലിയ സ്റ്റാർ സിനിമ വരുമ്പോൾ പ്രതീക്ഷകളും വലുതായിരിക്കും. ആ പ്രതീക്ഷകൾക്ക് ഒത്ത തരത്തിൽ സിനിമയെത്തിയില്ലെങ്കിൽ ആദ്യത്തെ തിങ്കളാഴ്ച സിനിമ ബോക്സ് ഓഫീസിൽ വീഴും.
ഗോട്ട് ആ പ്രതീക്ഷകളെയൊക്കെ നിലനിർത്തി ഇത്രയും വലിയ റെക്കോർഡുകൾ ഉണ്ടാക്കിയതിൽ സന്തോഷമുണ്ടെന്ന് മദൻ ഗൗരി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെങ്കട്ട് പ്രഭു പറഞ്ഞു.വിജയ് സാറിനെ വെച്ച് എന്തും ചെയ്യാമെന്ന ഒരു സ്പേസ് അദ്ദേഹം എനിക്ക് തന്നു.
അത് ഞാനും കൃത്യമായി ഉപയോഗിച്ചു എന്നുതന്നെയാണ് കരുതുന്നത്. അത് ജനങ്ങൾക്കും ഇഷ്ടമായി എന്നാണ് വിശ്വസിക്കുന്നത് അതുകൊണ്ടാണല്ലോ സിനിമ ഇത്രയും വലിയ വിജയമായത്. ദളപതിക്ക് ഇത്രയും വലിയൊരു ഹിറ്റ് കൊടുത്തല്ലോ എന്ന് ആലോചിക്കുമ്പോൾ എനിക്കും സന്തോഷമാണ്.
മലേഷ്യയിൽ ഷാരൂഖ് സിനിമയായ ദിൽവാലെ ദുൽഹനിയ ലേ ജായേംഗേയെ മറികടന്ന് ഒരു ഇന്ത്യൻ സിനിമ നേടുന്ന ഏറ്റവും വലിയ കളക്ഷൻ ചിത്രമായി ഗോട്ട് മാറി’, വെങ്കട്ട് പ്രഭു പറഞ്ഞു.സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും 400 കോടിക്ക് മുകളിൽ നേടി വലിയ വിജയമാണ് ദി ഗോട്ട് സ്വന്തമാക്കിയത്. 455 കോടിയാണ് ലോകമെമ്പാടും നിന്നുള്ള ചിത്രത്തിന്റെ കളക്ഷൻ. തമിഴ്നാട്ടിൽ നിന്ന് മാത്രം 220 കോടിക്കടുത്ത് ചിത്രം നേടി.
ഈ വർഷത്തെ തമിഴ് സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായി മാറിയിരിക്കുകയാണ് ഗോട്ട്. ആദ്യ ദിവസം 31 കോടി രൂപയാണ് സിനിമ നേടിയത്. വിജയ്‌യുടെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായി ഗോട്ട് മാറി. 600 കോടിയിലധികം നേടിയ ലിയോയാണ് ഒന്നാം സ്ഥാനത്തുള്ളത്. ഗോട്ട് സിനിമയുടെ കളക്ഷന്റെ സിംഹഭാഗവും തമിഴ്‌നാട്ടിൽ നിന്ന് തന്നെയാണ് ലഭിച്ചിരിക്കുന്നത്.