മലയാളി കണ്ടുപരിചയിച്ച എം.ടിയുടെ മുഖഭാവങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. ഗൗരവമായിരുന്നു സ്ഥായീഭാവം..ഒരു മന്ദഹാസമെങ്കിലും ചുണ്ടിൽ വിരിഞ്ഞ ചിത്രങ്ങൾ വളരെ വിരളം. അപൂർവമായി മാത്രമേ എം. ടി ചിരിക്കാറുണ്ടായിരുന്നുള്ളൂ. പരിചിത വലയത്തിനുള്ളിൽ പോലും കൃത്യമായ അതിരുകൾ സൂക്ഷിക്കുന്ന ആളായിരുന്നു എം.ടി. എഴുത്തുകാരന്റെ സ്വതസിദ്ധമായ അന്തർമുഖത്വം എക്കാലവും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നുചിരിക്കാൻ പിശുക്കുള്ള എം.ടിയെക്കുറിച്ച് പലരും പരിഭവം പറഞ്ഞിട്ടുണ്ട്.

സ്വാതന്ത്ര്യത്തോടെ പറയാൻ കഴിയുന്ന ഒന്ന്.സഹോദരനെന്നാണ് എംടിയെ മാധവിക്കുട്ടി വിശേഷിപ്പിച്ചിരുന്നത്. ചിരിക്കാത്ത എം.ടിയെക്കുറിച്ച് മാധവിക്കുട്ടി അന്ന് കെറുവിച്ചത് ഇങ്ങനെ.

‘ജനലു തുറന്നപ്പോള്‍ ഒരു സപ്പോട്ട മരമുണ്ട്. അതിനു ചുവട്ടില്‍ പച്ചനിറമുള്ള ഷര്‍ട്ടിട്ട് ഒരു ചെറുപ്പക്കാരന്‍. മെലിഞ്ഞൊരു പയ്യന്‍. ആരാണവിടെ നില്‍ക്കുന്നതെന്നു ചോദിച്ചപ്പോള്‍ എന്നോട് ഒരു സ്ത്രീ പറഞ്ഞു. ‘അതു മൂപ്പടയിലെ കുട്ടിയാണ് വാസു, വിഎം നായരെ കാണാന്‍ വന്നിരിക്കുകയാണ്’.

വാസുവിന്റെ വർത്തമാനമൊക്കെ കേൾക്കുമ്പോൾ ഞാൻ വളരെസന്തോഷിക്കാറുണ്ട്. അധ്വാനത്തിന്റെ ഫലമായി കിട്ടിയിരിക്കുന്ന കുറേ അവാർഡുകളൊക്കെ നേടിയിട്ടുണ്ട്. ശരിക്കും അധ്വാനിച്ചിട്ടുള്ള എഴുത്തുകാരനാണ്. മടിയനല്ല. ഒരുപാട് അഭിമാനമുണ്ട്, ചിലപ്പോൾ ഞങ്ങളൊക്കെ ഒരേ നാട്ടുകാരായതുകൊണ്ടും ചെറുപ്പത്തിലേ കണ്ടു പരിചയമുള്ളതുകൊണ്ടുമാവാം. ഐ ആം പ്രൗഡ് ഓഫ് ഹിം.

വാസ്തവത്തിൽ ഞാനൊരു സഹോദരനെ പോലെ തന്നെയാണ് മനസ്സിൽ കാണുന്നത്. കരയിപ്പിച്ചു കുറേ, ഹൃദയത്തിൽ പിടിച്ചൊന്നു ഞെരുക്കി, ഒരു നനഞ്ഞ തോർത്തെടുത്ത് പിഴിഞ്ഞ് വെള്ളംകളയുന്നതുപോലെയാണ് എംടിയുടെ കഥയുടെ ഇഫക്റ്റ്, പെണ്ണുങ്ങളുടെ ഹൃദയത്തിൽ. കുട്ട്യേടത്തി വായിച്ചപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്

ചിരിക്കില്ല ആള്. ആദ്യം ഞാൻ വിചാരിച്ചു എംടിയുടെ പല്ല് മോശമായിരിക്കും, അതോണ്ടാവും ചിരിക്കാത്തതെന്ന്. സിഗരറ്റ് വലിച്ചുവലിച്ചു മോശമായതാവും എന്നോർത്തു. പിന്നെ പറയുന്നതു കേട്ടു, അതങ്ങനെയാ വീട്ടിലും ചിരിക്കില്ലെന്ന്. വീട്ടിലെങ്കിലും ചിരിക്കേണ്ടേ? പാവമാണ് ആള്, ശുദ്ധനാ.

ചിരിയൊന്നും കാണാത്തോണ്ട് ആളുകൾ എംടിയെ പേടിക്കും.ശുണ്ഠി വന്നാൽ വലിയ ദേഷ്യമാണ്. പാവമാണെങ്കിലും മുഖഭാവം അങ്ങനെവെച്ചോണ്ടിരിക്കും. അതൊരു തരം പ്രൊട്ടക്ഷനാണ്. ഒരു പരിച കൊണ്ടു നടക്കും പോലെ. ആ മുഖം എംടിയുടെ മുഖമല്ല. എംടി അത് പരിചയായി ഉപയോഗിക്കുകയാണ്. ആളെ പേടിപ്പിച്ചൊന്നു ഒതുക്കാൻ. ആ മുഖം എപ്പോഴെങ്കിലുമൊരിക്കൽ നിലത്തുവച്ച് നോർമലായി കാണാൻ മോഹമുണ്ട്. പറയുമോ വാസുവിനോട് ഒന്നു ചിരിക്കാൻ?’

മലയാളത്തിന്റെ മഹാസുകൃതം സഗൗരവം വിടവാങ്ങുമ്പോൾ സാഹിത്യലോകം മാത്രമല്ല, മലയാളം ഒന്നാകെയും അനാഥമാവുകയാണ്.ചിരിവറ്റിയ മനുഷ്യന്റെ ജീവിതയാഥാർഥ്യങ്ങൾക്ക്മേൽ തൂലിക ചലിപ്പിച്ച എം.ടിയെന്ന ഇതിഹാസം അരങ്ങൊഴിയുമ്പോൾ മലയാളികൾക്ക് ഒന്നേ പറയാനുള്ളു എം.ടിയുടെ കാലത്ത് ജീവിച്ചിരിക്കാനായി എന്നതാണ് ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വലിയ’സുകൃതം’.

Leave a Reply

Your email address will not be published. Required fields are marked *