മന്‍മോഹന്‍ സിങ്ങിന്‍റെ ഭൗതികശരീരത്തില്‍ പുഷ്പചക്രമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അമിത് ഷായും ജെ.പി.നഡ്ഡയും മന്‍മോഹന്‍റെ വസതിയിലെത്തി. രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം. ഇന്ന് സര്‍ക്കാര്‍ ചടങ്ങുകള്‍ ഒഴിവാക്കി. കോണ്‍ഗ്രസും ഏഴുദിവസത്തെ ദുഃഖാചരണം നടത്തും. പാര്‍ട്ടി സ്ഥാപകദിനാഘോഷം ഉള്‍പ്പെടെ മാറ്റിവച്ചുസംസ്കാരം നാളെ. ഗാന്ധിജി അന്ത്യവിശ്രമം കൊള്ളുന്ന രാജ്ഘട്ടിന് അടുത്താകും മുന്‍ പ്രധാനമന്ത്രിക്ക് സമാധിസ്ഥലമൊരുക്കുക.

നാളെ രാവിലെ മുതല്‍ കോണ്‍ഗ്രസ് ദേശീയ ആസ്ഥാനത്ത് പൊതുദര്‍ശനം. ഇന്ന് പതിനൊന്നു മണിക്ക് ചേരുന്ന കേന്ദ്രമന്ത്രിസഭായോഗമാവും സംസ്കാര ചടങ്ങുകളുടെ സമയക്രമം തീരുമാനിക്കുക. മുഖ്യമന്ത്രിമാരടക്കമുളള പ്രമുഖര്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ ഡല്‍ഹിയിലെത്തും.

ഇന്ത്യയുടെ സാമ്പത്തികനയത്തില്‍ മുദ്ര പതിപ്പിച്ച വ്യക്തിയെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. തനിക്ക് ഉപദേശകനെയും വഴികാട്ടിയെയും നഷ്ടപ്പെട്ടുവെന്ന് രാഹുല്‍ ഗാന്ധി. ദീര്‍ഘദര്‍ശിയായ നേതാവിനെ നഷ്ടമായെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാജ്യത്തിന്‍റെ നഷ്ടമെന്ന് എ.കെ.ആന്‍റണിയും പറഞ്ഞു.സര്‍പ്രൈസും നാടകീയതയും നിറഞ്ഞ മന്‍മോഹന്‍റെ 10 വര്‍ഷങ്ങള്‍

രാഷ്ട്രീയ നിരീക്ഷകരെയാകെ ഞെട്ടിച്ചുകൊണ്ടാണ് ഡോ.മന്‍മോഹന്‍ സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയാകുന്നത്. തുടര്‍ഭരണം സാധ്യമാക്കി വീണ്ടും മന്‍മോഹന്‍ സര്‍പ്രൈസ് നല്‍കി. നാടകീയ സംഭവങ്ങളും ഉയര്‍ച്ചതാഴ്ചകളും നിറഞ്ഞതായിരുന്നു 2004 മുതലുള്ള മന്‍മോഹന്‍റെ 10 വര്‍ഷങ്ങള്‍. ഇലക്ഷന്‍ ജയിപ്പിച്ച സോണിയ പ്രധാനമന്ത്രിയാകുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് ഷോക്കായിരുന്നു കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലെ ആ പ്രഖ്യാപനം.

അങ്ങനെ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായി മന്‍മോഹന്‍.വിവിധ തലങ്ങളിലെ അനുഭവ സമ്പത്തുമായി മന്‍മോഹന്‍ ചരിത്രത്തില്‍ ആദ്യമായി കോണ്‍ഗ്രസ് നയിച്ച മുന്നണി സര്‍ക്കാരിനെ നയിച്ചു. സോണിയയും മന്‍മോഹനും ഇരട്ട അധികാരകേന്ദ്രങ്ങളാണെന്ന ആക്ഷേപം ആദ്യം മുതലേ ഉയര്‍ന്നിരുന്നു. മന്‍മോഹനുമായി മനസുകൊണ്ട് പൊരുത്തപ്പെടാന്‍ കഴിയാത്തവര്‍ മന്ത്രിസഭയില്‍ തന്നെയുണ്ടായിരുന്നു.

എങ്കിലും ആദ്യ നാളുകള്‍ സംഘര്‍ഷ രഹിതമായിരുന്നു. മൂല്യ വര്‍ധിത നികുതി സമ്പ്രദായം കൊണ്ടു വന്നു. 2005– 2006 മുതല്‍ തുടര്‍ച്ചയായ മൂന്നു വര്‍ഷം സാമ്പത്തിക വളര്‍ച്ച 9 ശതമാനത്തിനു മുകളിലായിരുന്നു. ഏറ്റവും വേഗത്തില്‍ വളരുന്ന ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാമതെത്തിദേശീയ തൊഴിലുറപ്പ് നിയമം, വിവരാവകാശ നിയമം , ആധാര്‍ കാര്‍ഡ്, വനാവകാശ നിയമം അങ്ങനെ ചരിത്രം സൃഷ്ടിച്ച തീരുമാനങ്ങളിലൂടെ മന്‍മോഹന്‍റെ റേറ്റിങ്ങുയര്‍ന്നു.

ഒന്നാം ചന്ദ്രയാന്‍റെ വിജയം കുതിപ്പായി. രാജ്യസുരക്ഷക്ക് ഭീഷണിയുയര്‍ത്തിയ ഭീകരാക്രമണങ്ങളുടെ പരമ്പര തന്നെ 2004 –2009 കാലത്ത് അരങ്ങേറി. ഡല്‍ഹി, വാരണാസി, സംചോതാ, ഹൈദരാബാദ്, ജയ്പൂര്‍, ബാംഗ്ലൂര്‍ സ്ഫോടനങ്ങള്‍. മുംബൈയെ ബന്ദിയാക്കി തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 164 പേര്‍ മരിച്ചു.

മന്‍മോഹന്‍റെ പ്രതിഛായ മോശമായി. പാക്കിസ്ഥാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ ആത്മാര്‍ഥമായെടുത്ത നടപടികളും വെള്ളത്തിലായി. ആണവ കരാറിന്‍റെ കാര്യത്തില്‍ ഇടതു പിന്തുണനഷ്ടമായെങ്കിലും ദുര്‍ബലനല്ല താനെന്ന് മന്‍മോഹന് തെളിയിക്കാനായി. 2009 ഇലക്ഷനില്‍ കഴിഞ്ഞവട്ടത്തെ പോലെ സംശയങ്ങളുണ്ടായില്ല. ജയിച്ചാല്‍ മന്‍മോഹന്‍ തന്നെ പ്രധാനമന്ത്രിയെന്ന് സോണിയ വ്യക്തമാക്കിയിരുന്നു. ജയിച്ചു. വീണ്ടും പ്രധാനമന്ത്രിയായി. സിങ് ഇസ് കിങ് എന്ന് ആരാധകര്‍ ആര്‍ത്തു വിളിച്ചു.

മന്‍മോഹനിഷ്ടമില്ലാത്ത ഡിഎംകെ മന്ത്രിമാരുമായി രണ്ടാമൂഴം തുടങ്ങേണ്ടി വന്നു.അഴിമതി ആരോപണങ്ങളില്‍ ആടിയുലഞ്ഞ കാലമാണ് 2011 മുതല്‍ മന്‍മോഹന്‍ സിങിനെ കാത്തിരുന്നത്. ടുജി സ്പെക്ട്രം അതുവരെ കേള്‍ക്കാത്ത ക്രമക്കേടാരോപണത്തിന്‍റെ കണക്കുയര്‍ത്തി. കല്‍ക്കരി പാടം കേസ് , ഹെലികോപ്ടര്‍ അഴിമതി , കോമണ്‍ വെല്‍ത്ത് അഴിമതി , ആദര്‍ശ് ഫ്ലാറ്റ് വിവാദം അങ്ങനെ ഒട്ടേറെ ആരോപണങ്ങള്‍. ലോക്പാല്‍ ഉയര്‍ത്തി അന്നാ ഹസാരെ സമരത്തിനെത്തിയപ്പോള്‍ നേരിടാന്‍ നല്ലൊരു തന്ത്രം പോലും കോണ്‍ഗ്രസിനുണ്ടായില്ല.

നിര്‍ഭയ സംഭവത്തില്‍ അസാധാരണ സമരങ്ങള്‍ അരങ്ങേറി. രാഹുല്‍ ഗാന്ധിയുടെ തുറന്ന പ്രതിഷേധം കൂടിവന്നതോടെ കാര്യങ്ങള്‍ വഷളായി. ഒടുവില്‍ 2014 ജനുവരി 3ന് അതായത് പൊതു തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് താന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന് ഡോ സിങ് പ്രഖ്യാപിച്ചു.

ചരിത്രത്തിന് വിലയിരുത്താന്‍ തന്നെയും തന്‍റെ സര്‍ക്കാരുകളെയും വിട്ടുകൊടുത്ത് മന്‍മോഹന്‍ പടിയിറിങ്ങി. മന്‍മോഹന്‍ പറഞ്ഞത് ശരിയായിരുന്നു. ഭരണ കാലത്തെ തല്‍സമയ റിപ്പോര്‍ട്ടുകളെക്കാള്‍ ഉദാരമായിട്ടാണ് പിന്നീടുള്ള കാലം മന്‍മോഹനെ കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *