തിരുവനന്തപുരം: അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ അനുസ്മരിച്ച് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ എ.കെ ആന്റണി.സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമ്പോൾ മൻമോഹൻ സിങ് എന്തുപറയുമെന്നാണ് ലോകനേതാക്കൾ കാതോർത്തത്. അദ്ദേഹത്തിൻ്റെ സമയത്ത് ലോകരാജ്യങ്ങൾ ഇന്ത്യയുമായുള്ള ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ശ്രമിച്ചെന്നും ആന്റണി പറഞ്ഞു.
മൻമോഹൻ സിങ്ങിൻ്റെ 10 വർഷത്തെ ഭരണപരിഷ്കാരങ്ങൾ പാവപ്പെട്ടവർക്ക് ഗുണം ചെയ്തു. പ്രശ്നങ്ങൾക്ക് രമ്യമായി പരിഹാരം കാണാൻ ശ്രമിച്ചു. അടിസ്ഥാന സൗകര്യങ്ങൾക്ക് പ്രാധാന്യം നൽകി. ഇന്ത്യ സാമ്പത്തികമായും സെെനികപരമായും മികവു നേടി. – എ.കെ ആന്റണി പറഞ്ഞു.
കേരളത്തോട് ഉദാരമായ നിലപാട് കാണിച്ചു. കോൺഗ്രസ് ഭരിച്ചപ്പോഴും ഇടതുപക്ഷം ഭരിച്ചപ്പോഴും ഉദാരമായ നിലപാടെടുത്തെന്നും അദ്ദേഹത്തിൻ്റെ ഭരണകാലത്ത് വിവേചനമുണ്ടെന്ന് ഒരു സംസ്ഥാനവും പരാതി പറഞ്ഞിട്ടില്ലെന്നും ആന്റണി അനുസ്മരിച്ചു.
വ്യക്തിപരമായി ഞാനുമായി ഏറെ അടുപ്പം പുലർത്തിയിരുന്നു. രാജ്യത്തിനുവേണ്ടി മാത്രം ജീവിച്ച മനുഷ്യൻ. രാജ്യസഭയിൽ അദ്ദേഹം കടന്നുവരുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കുമായിരുന്നു. എല്ലാവരും ബഹുമാനിക്കുന്ന നേതാവ്. അദ്ദേഹത്തിൻ്റെ ശൂന്യത നികത്താനാകുന്നതല്ല.- എ.കെ ആന്റണി പറഞ്ഞു
ധനകാര്യവിദഗ്ധനും കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ ഡോ. മൻമോഹൻ സിങ് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയാണ് അന്തരിച്ചത്. 1991 മുതൽ 1996 വരെ നരസിംഹ റാവു സർക്കാരിൽ ധനമന്ത്രിയായിരുന്ന മൻമോഹൻ സിങ്ങാണ് സാമ്പത്തിക ഉദാരീകരണം, സ്വകാര്യവത്‌കരണം തുടങ്ങിയ പരിഷ്കാരത്തിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ പരമ്പരാഗതപാതയിൽനിന്ന് വഴിമാറ്റിയത്.
2004 മുതൽ 2014 വരെ രണ്ടുവട്ടം പ്രധാനമന്ത്രിപദം വഹിച്ച മൻമോഹൻ സിങ് സിഖ് സമുദായത്തിൽനിന്നുള്ള ആദ്യത്തെ പ്രധാനമന്ത്രിയായിരുന്നു.