വാഷിങ്ടണ്‍: ബഹിരാകാശ നിലയത്തിൽനിന്ന് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബാരി വില്‍മറിനേയും തിരികെ കൊണ്ടുവരാന്‍ സ്‌പേസ് എക്‌സിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടതായി ഇലോണ്‍ മസ്‌ക്.
എക്‌സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്.അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിക്കിടക്കുന്ന ബഹിരാകാശ സഞ്ചാരികളെ കഴിയുന്നത്ര വേഗത്തിൽ തിരിച്ചെത്തിക്കാന്‍ സ്‌പേസ്എക്‌സിനോട് ട്രംപ് ആവശ്യപ്പെട്ടു.
ഞങ്ങള്‍ അത് ചെയ്യും. അവരെ തിരിച്ചെത്തിക്കാൻ ബൈഡൻ ഭരണകൂടം ഇതുവരെ ഒന്നും ചെയ്യാതിരുന്നത് ഭയങ്കരംതന്നെ, ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചു.ബൈഡന്‍ ഭരണകൂടം തിരികെ കൊണ്ടുവരാത്തതിനാൽ ബഹിരാകാശത്ത് തുടരുന്ന രണ്ട് ധീരരായ ബഹിരാകാശയാത്രികരെ തിരികെയെത്തിക്കാൻ ഇലോണ്‍ മസ്‌കിനോടും സ്‌പേസ്എക്‌സിനോടും താന്‍ ആവശ്യപ്പെട്ടതായി സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ടൂത്ത് സോഷ്യലിൽ ട്രംപ് വ്യക്തമാക്കി.
രണ്ടുപേരും കുറേ മാസങ്ങളായി അന്താരാഷ്ട്രനിലയത്തില്‍ കാത്തിരിക്കുകയാണ്. ഇലോണ്‍ ഉടനെ തന്നെ അതിന് തീരുമാനമുണ്ടാക്കും. എല്ലാവരും നന്നായിരിക്കുന്നെന്ന് പ്രതീക്ഷിക്കുന്നു. ഗുഡ് ലക്ക് ഇലോണ്‍, ട്രംപ് കുറിച്ചു.എട്ട് ദിവസം നീളുന്ന ദൗത്യത്തിനായാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ അഞ്ചിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിൽ സുനിത വില്യംസും ബാരി വില്‍മറും ബഹിരാകാശ നിലയത്തിലേയ്ക്ക് പോയത്.
സ്റ്റാൽലൈനറിനുണ്ടായ തകരാറിനെ തുടർന്ന് തിരികെവരാനാകാതെ മാസങ്ങളായി ഇരുവരും അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. മാര്‍ച്ചോടെ ഇവര്‍ തിരികെ ഭൂമിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ