ചാംപ്യൻസ് ട്രോഫി ടൂർണമെന്റിൽ റിഷഭ് പന്ത് ബെഞ്ചിലിരിക്കെ ഇലവനിൽ കളിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് കെ എൽ രാഹുൽ. പന്തിനെ പോലെയുള്ള ഒരു പ്രതിഭ പകരക്കാരനായി പുറത്ത് നിൽക്കുമ്പോൾ എല്ലായ്പ്പോഴും മികച്ച പ്രകടനം പുറത്തെടുക്കേണ്ടതിന്റെ ആവശ്യകത സ്വയം മനസ്സിനെ ബോധ്യപ്പെടുത്താറുണ്ടെന്നും രാഹുൽ പറഞ്ഞു.പന്ത് മികച്ച കളിക്കാരാണ്, ബാറ്റ് കൊണ്ട് അയാൾക്ക് എന്തൊക്കെ ചെയ്യാൻ പറ്റും എന്ന് അയാൾ മുമ്പ് തെളിയിച്ചതാണ്.
പന്തുള്ള ടീമിൽ ഇലവനിൽ കളിക്കാനാവുന്നത് ഒരേ സമയം ഭാഗ്യവും വെല്ലുവിളിയുമാണ്. പന്തിനെ പോലെ കളിയ്ക്കാൻ നോക്കാറില്ല, എല്ലായ്പ്പോഴും ടീമിനായി മികച്ച കളി പുറത്തെടുക്കാനാണ് ശ്രമിക്കുന്നത്.നേരത്തെ റിഷഭ് പന്തിനെ ചാംപ്യൻസ് ട്രോഫി മത്സര ഇലവനിൽ ഉൾപ്പെടുത്താത്തതിൽ രവി ശാസ്ത്രി അടക്കമുള്ളവർ വിമർശനം ഉന്നയിച്ചിരുന്നു.
ഗംഭീറിന്റെ താല്പര്യക്കുറവാണ് പന്തിന് അവസരം ലഭിക്കാത്തതിന് കാരണമെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. ഏതായാലും കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാഹുലാണ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.
ബംഗ്ലാദേശിനെതിരെയുള്ള മത്സരത്തിൽ 41 റൺസ് നേടിയ താരത്തിന് പക്ഷെ പാകിസ്താനെതിരെയുള്ള മത്സരത്തിൽ ബാറ്റിങ് അവസരം ലഭിച്ചിരുന്നില്ല. നാളെ ന്യൂസിലാൻഡിനെതിരെയുള്ള അവസാന ഗ്രൂപ്പ് മത്സരത്തിലും കെ എൽ രാഹുലാകും വിക്കറ്റ് കീപ്പർ റോളിലെത്തുക.