തിരുവനന്തപുരം: കേരളത്തിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഈ വര്‍ഷം തന്നെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം 10 വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളാകും പുറത്തിറക്കുക. ഇതില്‍ ആദ്യത്തേത് ഉത്തര റെയില്‍വേയ്ക്കാണ് ലഭിക്കുക. അവശേഷിക്കുന്ന 9 ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിന് ലഭിക്കുമെന്നാണ് സൂചന.

രാജ്യത്ത് തന്നെ വന്ദേ ഭാരത് ട്രെയിനുകളില്‍ മികച്ച ഒക്യുപെന്‍സി റേറ്റുള്ളത് കേരളത്തിലാണ്. അതിനാല്‍ തന്നെ ഈ വര്‍ഷം വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ പുറത്തിറങ്ങുമ്പോള്‍ കേരളത്തിന് മുന്‍ഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരുവനന്തപുരം – മംഗളൂരു റൂട്ടിലാകും സംസ്ഥാനത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നടത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇന്റർ-സോൺ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനായി തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കും കന്യാകുമാരിയിൽ നിന്ന് ശ്രീനഗറിലേക്കും അധിക റൂട്ടുകൾ പരിഗണനയിലുണ്ട്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറി (ഐസിഎഫ്) രൂപകൽപ്പന ചെയ്ത വന്ദേ സ്ലീപ്പർ ട്രെയിൻ, ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎൽ) ആണ് നിർമ്മിക്കുന്നത്.

എയർ കണ്ടീഷൻ ചെയ്ത സ്ലീപ്പർ ട്രെയിനിന് 1,128 യാത്രക്കാരെ ഉൾക്കൊള്ളാൻ സാധിക്കും.യാത്രാ സുഖം മെച്ചപ്പെടുത്തുന്ന തരത്തിലുള്ള സ്ലീപ്പിംഗ് ബെർത്തുകൾ, ആധുനിക ഇന്റീരിയർ ഡിസൈനുകൾ, യാത്രക്കാർക്ക് വായനയിൽ മുഴുകുന്നതിന് പ്രത്യേക ലൈറ്റിംഗ് സംവിധാനം, ഓരോ കോച്ചിലും ജിപിഎസ് അധിഷ്ഠിത എൽഇഡി ഡിസ്പ്ലേ സംവിധാനം എന്നിവ പുതിയ സ്ലീപ്പർ ട്രെയിനുകളിൽ ഉണ്ടായിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *