കൊച്ചി: മൂവാറ്റുപുഴ സ്വദേശി എഡിസണ് ബാബു പ്രതിയായ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് കേസില്‍ ലക്ഷ്യമിട്ടതു വൻ സിൻഡിക്കറ്റോയെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് നർകോട്ടിക്സ് കണ്ട്രോൾ ബ്യൂറോയും മറ്റ് അന്വേഷണ ഏജൻസികളും.
കേസിൽ പ്രതിയായ എഡിസൺ ബാബുവും അരുൺ തോമസിനും പുറമേ പാഞ്ചാലിമേട്ടിൽ റിസോർട്ട് നടത്തുന്ന പറവൂർ സ്വദേശികളായ ദമ്പതികള്‍ എന്നിവരാണു നിലവില്‍ അറസ്റ്റിലായിട്ടുള്ളത്.ബിടെക് പഠനകാലം മുതൽ അറിയുന്നവരാണ് ഇവരെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.
അന്നുമുതലുള്ള ഇവരുടെ മറ്റൊരു സുഹൃത്താണ് റിസോർട്ട് ഉടമ. മൂവരും കഴിഞ്ഞ ഏതാനും വർഷങ്ങളായി രാജ്യാന്തര ലഹരി ഇടപാടുകളിലേർപ്പെടുന്നു എന്ന് എൻസിബി വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ലഹരിമരുന്നായ കെറ്റമിൻ വിദേശത്തുനിന്ന് എത്തിച്ച് ഓസ്ട്രേലിയയിലേക്ക് അയയ്ക്കുന്നതായിരുന്നു റിസോർട്ട് ഉടമകളുടെ ബിസിനസ്.
കഴിഞ്ഞ രണ്ടു വർഷമായി ഇവർ ഇത്തരം ഇടപാട് നടത്തുന്നു എന്നാണ് വിവരം. എഡിസണും അരുണും പറവൂർ സ്വദേശിയും ചേർന്ന് കേരളം കേന്ദ്രീകരിച്ച് വലിയ ലഹരിമരുന്ന് സിൻഡിക്കറ്റ് രൂപീകരിക്കാനുള്ള ശ്രമത്തിലായിരുന്നോ എന്നാണ് പൊലീസ് അന്വേഷണം നടത്തുന്നത്.