ഇന്ത്യ -പാക് സംഘർഷത്തിൽ, പാകിസ്താന് ചൈന സഹായം നൽകിയെന്ന് വെളിപ്പെടുത്തലുമായി ഇന്ത്യൻ സേന. ഡിജിഎംഒ തല ചർച്ചകളിൽ ചൈന പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയെന്ന് കരസേന ഉപമേധാവി ലെഫ്റ്റനൻ്റ് ജനറൽ രാഹുൽ സിംഗ് പറഞ്ഞു. പാക്കിസ്ഥാന് സാധ്യമായ പിന്തുണയും സഹായവും ചൈന നൽകിയെന്ന് കരസേന ഉപമേധാവി ആരോപിച്ചു. ആദ്യമായാണ് ചൈനയുടെ പങ്ക് സൈന്യം വെളിപ്പെടുത്തുന്നത്.

പാകിസ്താൻ്റെ 81 ശതമാനം സൈനിക ആയുധങ്ങളും ചൈനീസ് നിർമ്മിതമായിരുന്നെന്നും സംഘർഷത്തെ ആയുധ പരീക്ഷണത്തിന് ചൈന ഉപയോഗിച്ചെന്നും കരസേന ഉപമേധാവി ആരോപിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പാകിസ്താന് ഏറ്റവും കൂടുതൽ ആയുധങ്ങൾ ചൈനയാണ് നൽകിയത്. പാകിസ്താന് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിലൂടെ ചൈനയ്ക്ക് മറ്റുള്ളവർക്കെതിരെ ആയുധങ്ങൾ പരീക്ഷിക്കാൻ കഴിയുമെന്ന് സിംഗ് പറഞ്ഞു. ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരർ 26 പേരെ വെടിവച്ചു കൊന്നതിന് പ്രതികാരമായി മെയ് 7-ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചിരുന്നു.

പിന്നാലെ ഇരു രാജ്യങ്ങളും സംഘർഷത്തിലേക്ക് നീങ്ങിയിരുന്നു. പാകിസ്ഥാനിലും പാകിസ്ഥാൻ നിയന്ത്രിത കശ്മീരിലുമുള്ള ഒമ്പത് ഭീകര ക്യാമ്പുകളിൽ കൃത്യമായ ആക്രമണങ്ങൾ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ 100 ​​ലധികം ഭീകരരെ നിർവീര്യമാക്കിയതായി ഇന്ത്യ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *