ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് തങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം തുടരുമ്പോഴും കണ്ടില്ലെന്ന് നടിച്ച് എഐഎഡിഎംകെ. ബിജെപിക്ക് എഐഎഡിഎംകെ തങ്ങളുടെ പ്രത്യയശാസ്ത്രം പണയം വച്ചെന്നാണ് വിജയുടെ പ്രധാന ആരോപണം. ഇതടക്കമുള്ള ആരോപണങ്ങള്‍ വിജയ് തുടരുന്നതാണ് എഐഎഡിഎംകെ കണ്ടില്ലെന്ന് നടിക്കുന്നത്.
2026ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെ വിരുദ്ധ സഖ്യത്തില്‍ വിജയെയും ടിവികെയെയും ഒപ്പം ചേര്‍ക്കാനായി എഐഎഡിഎംകെ ശ്രമിക്കുന്നതിനിടയിലാണ് വിജയുടെ രൂക്ഷവിമര്‍ശനം. ഇതാദ്യമായിട്ടായിരുന്നു വിജയ് എഐഎഡിഎംകെയെ പേരെടുത്ത് വിമര്‍ശിച്ചത്.
ടിവികെ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുകയും മുന്നണിയെ നയിക്കുകയും ചെയ്യുമെന്നും വിജയ് പറഞ്ഞിരുന്നു.വിജയ്‌ക്കെതിരെ ആരോപണങ്ങളൊന്നും ഉന്നയിക്കരുതെന്ന് എഐഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി നേരത്തെ നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ജനങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് യുവജനങ്ങള്‍ക്കിടയില്‍ വിജയ്ക്ക് വലിയ സ്വാധീനമുള്ളതിനാല്‍ ആരോപണങ്ങളുന്നയിച്ചാല്‍ തിരിച്ചടിയാവുമെന്നായിരുന്നു അതിന് അന്ന് നല്‍കിയ വിശദീകരണം.