ന്യൂഡൽഹി: ഐക്യരാഷ്ട്രസഭ രക്ഷാസമിതി അധ്യക്ഷസ്ഥാനം ഇന്ത്യക്കെതിരെ ഉപയോഗിക്കാനുള്ള നീക്കവുമായി പാകിസ്താൻ. ജൂലൈ മാസത്തിൽ യുഎൻ രക്ഷാസമിതി അധ്യക്ഷസ്ഥാനം വഹിക്കുന്നത് പാകിസ്താനാണ്. ഈ കാലയളവിൽ കശ്മീർ വിഷയം ചർച്ചയ്ക്കെത്തിക്കാനുള്ള നീക്കമാണ് പാകിസ്താൻ നടത്തുന്നത്.
രണ്ട് സുപ്രധാന പരിപാടികളാണ് അധ്യക്ഷസ്ഥാനം വഹിക്കുന്ന ഈ കാലയളവിൽ പാകിസ്താൻ സംഘടിപ്പിക്കുന്നത്. അന്താരാഷ്ട്ര തർക്കങ്ങളുടെ സമാധാനപരമായ പരിഹാരം പ്രോത്സാഹിപ്പിക്കുന്നതിനായി പാകിസ്താൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഇഷാഖ് ദാറിന്റെ അധ്യക്ഷതയിൽ ചേരുന്ന ഉന്നതതല തുറന്ന സംവാദമാണ് ആദ്യത്തെ പരിപാടി
അന്താരാഷ്ട്ര വേദിയിൽ കശ്മീർ വിഷയം ചർച്ചയ്ക്കെത്തിക്കാനുള്ള നീക്കം കാലങ്ങളായി പാകിസ്താന്റെ ഭാഗത്ത് നിന്നും ഉണ്ടാകാറുണ്ട്.
കശ്മീർ തർക്കം പരിഹരിക്കേണ്ട സമയമാണിതെന്നും ഇത് പാകിസ്താന്റെ മാത്രം ഉത്തരവാദിത്വമല്ലെന്നുമായിരുന്നു ഐക്യരാഷ്ട്രസഭയിലെ പാകിസ്താന്റെ സ്ഥിരം പ്രതിനിധി അസിം ഇഫ്തിഖാർ അഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷനും യുഎന്നും തമ്മിലുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള ഒരു വിശദീകരണ യോഗമാണ് രണ്ടാമത്തെ സുപ്രധാന പരിപാടി. 1969-ൽ രൂപീകൃതമായ ഒഐസിയിൽ 57 രാജ്യങ്ങൾ അംഗങ്ങളാണ്.
2019-ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം, ജമ്മു കശ്മീർ വിഷയത്തിൽ ഇന്ത്യയുടെ നിലപാടുകളെ ഈ കൂട്ടായ്മ ആവർത്തിച്ച് ചോദ്യം ചെയ്യുകയും വിമർശിക്കുകയും ചെയ്തിട്ടുണ്ട്