സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ, ഏഴ് പ്രധാന റെയില്‍വേ സ്റ്റേഷനുകളില്‍ ഉടന്‍ തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അടിസ്ഥാനമാക്കിയുള്ള മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.
സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. സുപ്രീം കോടതി വനിതാ അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിക്ക് മറുപടി നല്‍കവെ കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
മുംബൈ സിഎസ്ടിയും ന്യൂഡല്‍ഹിയും ഉള്‍പ്പെടുന്ന പ്രധാന സ്റ്റേഷനുകളില്‍ സ്ത്രീ സുരക്ഷയ്ക്കായി ആധുനിക സംവിധാനങ്ങള്‍ വരുമെന്ന്ലൈംഗിക കുറ്റവാളികളുടെ ദേശീയ ഡാറ്റാബേസ് (NDSO) പുതുക്കിയിട്ടുണ്ടെന്നും അതില്‍ ഉള്‍പ്പെട്ടവരുടെയെണ്ണം 20 ലക്ഷം കടന്നതായും കേന്ദ്രം കോടതിയെ അറിയിച്ചു.
റെയില്‍വേ സ്റ്റേഷനുകളിലെ എഐ അധിഷ്ഠിത മുഖം തിരിച്ചറിയല്‍ സംവിധാനങ്ങള്‍ക്ക് പുറമെ, എട്ട് നഗരങ്ങളില്‍ പ്രാദേശിക പോലീസും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ചേര്‍ന്ന് സേഫ് സിറ്റി പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ബെംഗളൂരു, ഹൈദരാബാദ്, ലഖ്‌നൗ എന്നിവയാണ് ഈ നഗരങ്ങള്‍. മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് തിരിച്ചറിയല്‍ സംവിധാനങ്ങളുള്ള സിസിടിവി ക്യാമറകള്‍, സ്മാര്‍ട്ട് ലൈറ്റിംഗ് സംവിധാനങ്ങള്‍, അപകടസാധ്യതയുള്ള പ്രദേശങ്ങള്‍ നിരീക്ഷിക്കാന്‍ ഡ്രോണുകള്‍ എന്നിവ സ്ഥാപിച്ചുകൊണ്ട് സുരക്ഷാ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലാണ് ഈ പദ്ധതികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് കേന്ദ്രത്തിന്റെ സത്യവാങ്മൂലം വിശദീകരിച്ചു.
ബലാത്സംഗം, കൂട്ടബലാത്സംഗം, സ്ത്രീകളെ ശല്യം ചെയ്യല്‍, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട വ്യക്തികളുടെ പേരുകള്‍, വിലാസങ്ങള്‍, ഫോട്ടോകള്‍, വിരലടയാള വിവരങ്ങള്‍ എന്നിവ എന്‍ഡിഎസ്ഒ ഡാറ്റയില്‍ ഉള്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടി.
മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഡാറ്റാബേസില്‍ നിലവില്‍ 20.28 ലക്ഷം രേഖകളുണ്ട്, ഇത് ഇന്റര്‍-ഓപ്പറബിള്‍ ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റം വഴി രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകള്‍ക്കും നിയമപാലന ഏജന്‍സികള്‍ക്കും ഉപയോഗിക്കാന്‍ ലഭ്യമാണെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.