കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചന ശ്രമം തുടരവെ സമസ്ത എ പി വിഭാഗം നേതാവ് കാന്തപുരം അബൂബക്കര്‍ മുസലിയാരെ കണ്ട് ചാണ്ടി ഉമ്മന്‍ എംഎല്‍എ. കോഴിക്കോട് മര്‍ക്കസില്‍ എത്തിയാണ് കൂടിക്കാഴ്ച. മോചനവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപെടലില്‍ കാന്തപുരത്തിന് ചാണ്ടി ഉമ്മന്‍ നന്ദി അറിയിച്ചു.
കാന്തപുരത്തിന്റെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നതില്‍ സംശയമില്ല. ധാര്‍മ്മികവും മാനുഷികവുമായ പ്രവര്‍ത്തനം ഇതില്‍ ഉണ്ടായിട്ടുണ്ട്. ഒന്നരവര്‍ഷമായി വിഷയം കോര്‍ഡിനേറ്റ് ചെയ്യുന്ന വ്യക്തിയെന്ന നിലയില്‍ കാന്തപുരത്തിന് നന്ദി പറയാന്‍ എനിക്ക് ബാധ്യതയുണ്ട്.
നിമിഷ പ്രിയയുടെ തിരിച്ചുവരവാണ് നമ്മുടെ ആവശ്യം. സമൂഹമായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കണം. അതിന് ചുക്കാന്‍ പിടിക്കാന്‍ കാന്തപുരത്തിന് സാധിക്കും.തെറ്റിദ്ധാരണ ഉണ്ടാവരുത്. മോചനത്തില്‍ ഒത്തിരിപേര്‍ക്ക് പങ്കുണ്ട്.
ഈയൊരു വിഷയത്തിലെങ്കിലും തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കരുത്. ലക്ഷ്യത്തിലേക്ക് നടന്നടുക്കും നമ്മള്‍ എന്നും കാന്തപുരവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.