ഇറ്റലിയിൽ നടന്ന GT4 യൂറോപ്യൻ സീരീസിൽ നടനും റേസിംഗ് പ്രേമിയുമായ അജിത് കുമാറിന്റെ കാർ അപകടത്തിൽപ്പെട്ടു. ഇരു കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. GT4 യൂറോപ്യൻ സീരീസിന്റെ രണ്ടാം റൗണ്ടിൽ പങ്കെടുക്കുന്നതിനിടെ മിസാനോ ട്രാക്കിൽ വെച്ചാണ് സംഭവം.
കൂട്ടിയിടിച്ചിട്ടും അജിത് പരിക്കേൽക്കാതെ രക്ഷപ്പെട്ടെങ്കിലും മത്സരത്തിൽ നിന്ന് പിന്മാറേണ്ടി വന്നു.ട്രാക്കിൽ നിർത്തിയിട്ടിരുന്ന ഒരു കാറുമായി അജിത്തിൻ്റെ വാഹനം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
സംഭവത്തിന്റെ ദൃശ്യം GT4 യൂറോപ്യൻ സീരീസിൻ്റെ എക്സ് പേജ് ആണ് പുറത്തുവിട്ടത്. ഗുരുതരമായേക്കാവുന്ന ഒരു അപകടം ഒഴിവാക്കുന്നതിൽ അദ്ദേഹത്തിൻ്റെ അനുഭവപരിചയം നിർണായകമായെന്നാണ് വിലയിരുത്തൽബെൽജിയത്തിലെ സ്പാ-ഫ്രാങ്കോർചാംപ്‌സ് സർക്യൂട്ടിൽ നടക്കുന്ന മൂന്നാം റൗണ്ടിനായി തയ്യാറെടുക്കുകയാണ് അജിത് ഇപ്പോൾ.
അജിത് 2003-ലാണ് റേസിംഗ് രംഗത്തേക്ക് കടന്നുവന്നത്. അതിനുശേഷം ഈ രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റങ്ങൾ നടത്തിയ അദ്ദേഹം 2010-ൽ ഫോർമുല 2 ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു.
ജർമ്മനി, മലേഷ്യ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ അദ്ദേഹം മത്സരിച്ചിട്ടുണ്ട്, അഭിനയ ജീവിതവും റേസിംഗിനോടുള്ള അഭിനിവേശവും ഒരുപോലെയാണ് താരം കൊണ്ടുപോകുന്നത്.
സിനിമയ്ക്കും മോട്ടോർസ്പോർട്ടിനും നൽകിയ സംഭാവനകൾ പരിഗണിച്ച് അടുത്തിടെ ഇന്ത്യൻ സർക്കാർ അജിത്തിനെ പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.