മോസ്കോ: റഷ്യയിൽ തകർന്ന് വീണ വിമാനത്തിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ എല്ലാവരും മരിച്ചതായി സൂചന. 50 പേരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. കത്തിയമർന്ന വിമാനത്തിൽ ആരും ജീവനോടെ അവശേഷിക്കുന്നില്ലെന്നാണ് പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നത്.

ചൈനീസ് അതിർത്തിക്ക് സമീപം റഷ്യയിലെ അമുർ മേഖലയ്ക്ക് മുകളിൽവെച്ചാണ് അങ്കാറ എയർലൈൻസിന്റെ എഎൻ 24 വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമായത്.

അഞ്ച് കുട്ടികളടക്കം 43 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം.റഡാറിൽനിന്ന് അപ്രത്യക്ഷമായതിന് പിന്നാലെ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിരുന്നു.

രക്ഷാപ്രവർത്തന ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ടിൻഡയിൽനിന്ന് 16 കിലോമീറ്റർ ദൂരത്തുള്ള വനപ്രദേശത്തെ മലഞ്ചെരുവിൽ വിമാനം തകർന്നുവീണ് കത്തുന്നതായി കണ്ടെത്തി.

ഹെലികോപ്റ്ററിൽനിന്ന് ചിത്രീകരിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.25 പേരടങ്ങുന്ന അഞ്ച് സംഘങ്ങളാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

ആവശ്യമാണെങ്കിൽ കൂടുതൽപേരെ രക്ഷാപ്രവർത്തനത്തിനയക്കുമെന്നും ഇതിനായി നാല് ഹെലികോപ്റ്ററുകൾ സജ്ജമാണെന്നും പ്രതിരോധവൃത്തങ്ങൾ അറിയിച്ചതായി പ്രാദേശികരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

വനപ്രദേശമായതുകൊണ്ട് തന്നെ കൂടുതൽ പേർക്ക് സംഭവസ്ഥലത്ത് എത്തിപ്പെടുന്നതിന് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *