ആൻ്‌ഡേഴ്‌സൺ-ടെൻഡുൽക്കർ നാലാം ടെസ്റ്റിൽ മികച്ച രീതിയിലാണ് ഇന്ത്യൻ യുവതാരം സായ് സുദർശൻ ബാറ്റ് വീശിയത്. ആദ്യ ടെസ്റ്റിൽ മികവ് പുലർത്താതിരുന്ന താരത്തിന് അടുത്ത രണ്ട് മത്സരത്തിലും കളത്തിലിറങ്ങാൻ അവസരം ലഭിച്ചില്ല. എന്നാൽ ഫോമൗട്ടായ കരുൺ നായരിന് പകരം നാലാം മത്സരത്തിൽ സായ്ക്ക് വീണ്ടും നറുക്ക് വീഴുകയായിരുന്നു.
വളരെ അച്ചടക്കത്തോടെ ബാറ്റ് വീശിയ സായ് 151 പന്ത് നേരിട്ട് 7 ബൗണ്ടറിയുടെ അകമ്പടിയോടെ 61 റൺസാണ് സ്വന്തമാക്കിയത്. രണ്ടാം സെഷനിൽ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് എളുപ്പം നഷ്ടമായ ഘട്ടത്തിൽ റിഷബ് പന്തുമൊത്ത് മികച്ച കൂട്ടുക്കെട്ട് സൃഷ്ടിക്കാൻ സായ്ക്ക് സാധിച്ചു.
ഇത്തവണയും താരത്തെ ലെഗ് സൈഡിൽ കുരുക്കാൻ ഇംഗ്ലീഷ് നായകൻ കെണി ഒരുക്കിയിരുന്നു. ഇന്നിങ്‌സിന്റെ ഒരു ഘട്ടത്തിൽ സുദർശൻ ആ കെണിയിൽ വീഴുകയും ചെയ്തിരുന്നു എന്നാൽ വിക്കറ്റ് കീപ്പർ ജെയ്മി സ്മിത്തിന് ക്യാച്ചെടുക്കാൻ സാധിക്കാത്തതിനാൽ അദ്ദേഹം രക്ഷപ്പെടുകയായിരുന്നു.
സ്‌റ്റോക്‌സ് എറിഞ്ഞ ബോഡി ലൈൻ ബൗൺസറിൽ പുൾ ഷോട്ടിന് ശ്രമിച്ച സുദർശന് പക്ഷെ വിചാരിച്ച അത്രയും പവർ ലഭിച്ചില്ല. സ്‌ക്വയർ ലെഗ്ഗിൽ ഫീൽഡ് ചെയ്തിരുന്ന ബ്രൈഡൺ കാഴ്‌സയുടെ കയ്യിലെത്തുകയായിരുന്നു.