അയ്യേ എന്നു പറഞ്ഞിടത്തു നിന്നു തന്റെ ആരാധകരെ മാറ്റി ചിന്തിപ്പിക്കാനാവുമോ സക്കീര്‍ ഭായ്ക്ക്..! പൗരുഷത്തിന്റെ പ്രതീകം എന്ന സമൂഹം തലയില്‍ ചാര്‍ത്തിയ കിരീടം നിഷ്‌കരുണം എടുത്തെറിഞ്ഞുടയ്ക്കുവാനാകുമോ..? എല്ലാം മാറ്റി നിര്‍ത്താം. കല്ലേറുകള്‍ ഉണ്ടാകും എന്നറിഞ്ഞുകൊണ്ടും സമൂഹത്തിലെ സ്റ്റീരിയോടൈപ്പുകള്‍ക്കെതിരെ കൊടിപിടിക്കാനാവുമോ? യെസ് വീ കാന്‍. ഈ ഉത്തരം കേവലം ശബ്ദം കൊണ്ടല്ല, പ്രവൃത്തികൊണ്ട്, അഭിനയംകൊണ്ടു അടയാളപ്പെടുത്തുകയാണ് മലയാളത്തിന്റെ ബിഗ് എംസ്.
എന്റെ പിള്ളേരേ തൊടുന്നോടാ എന്നു ചോദിച്ചു ഇന്‍സ്‌പെക്ടര്‍ മയില്‍വാഹനത്തിന്റെ കഴുത്തില്‍ കാലമര്‍ത്തി ചോദിക്കുന്ന സ്റ്റീഫന്‍ നെടുമ്പിള്ളിക്കു കൈയടിച്ചവരും, നരസിംഹത്തില്‍ തന്റെ കാമുകിയോടു, വെള്ളമടിച്ചു കോണ്തിരിഞ്ഞു വരുമ്പോള്‍ ചെരുപ്പൂരി കാലുമടക്കി തൊഴിക്കാന്‍ ഒരു പെണ്ണു വേണം എന്നു പറഞ്ഞതു കേട്ടപ്പോള്‍ ഊറ്റംകൊണ്ട കാന്താരികളും, ലാലേട്ടന്റെ കണ്ണിലും നടപ്പിലും ഇരുപ്പിലും ഉണ്ടെന്നു കണ്ട പൗരുഷത്തിന്റെ പ്രഭാവലയമാണ്, സെക്കന്റുകള്‍ മാത്രം നീണ്ടുനിന്ന പരസ്യത്തിലൂടെ മോഹന്‍ ലാല്‍ വേണ്ടെന്നുവച്ചത്.
ഭാര്യക്കോ അമ്മയ്‌ക്കോ സ്വര്‍ണം സമ്മാനിക്കലാവും എന്നു കരുതിയ ഇടത്താണ്, സ്റ്റീരിയോടൈപ്പുകളെ ഉടച്ചുവാര്‍ത്തു ലാലേട്ടന്‍ ആഭരണങ്ങള്‍ അണിഞ്ഞു, അടിമുടി നിന്ന നില്‍പ്പില്‍, നില്‍പ്പിലും നടിപ്പിലും കണ്ണിലും കൈകളിലും അടക്കം ഉള്ളിലെ സ്‌ത്രൈണതയെ പുറത്തെടുത്തിട്ടത്.
അതും ഒരു ഡയലോഗിന്റെ പോലും പിന്‍ബലമില്ലാതെ. പുരുഷനെന്നാല്‍ പൗരുഷം കൈയാളുന്നവന്‍ എന്നു മാത്രമല്ല ഉള്ളില്‍ ഒരു സ്‌ത്രൈണത കൂടി ചേര്‍ത്തുവെക്കുന്നവനാണ് എന്ന തത്വത്തെ കൂടിയാണ് ആ നടനവൈഭവം കൊണ്ടു അദ്ദേഹം പറഞ്ഞുവച്ചത്.