ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിന്റെ ആദ്യദിനം തന്നെ ഇന്ത്യൻ ആരാധകരുടെ ആശങ്കയായി സൂപ്പർ താരം റിഷഭ് പന്തിന് പരിക്കേറ്റിരുന്നു. ആദ്യ ഇന്നിങ്സിനിടെ കാലിനേറ്റ പരിക്കിനെത്തുടർന്ന് താരം റിട്ടയേർഡ് ഹർട്ടായി മൈതാനം വിടുകയും ചെയ്തു.
വ്യക്തിഗത സ്കോർ 37 ൽ നിൽക്കെയാണ് പന്ത് പരിക്കേറ്റ് പുറത്തുപോവുന്നത്. എന്നാൽ ഇതിന് മുന്നേ ഒരു കിടിലൻ ലോകറെക്കോർഡും സ്വന്തം പേരിലെഴുതിച്ചേർത്താണ് പന്ത് കളം വിട്ടത്.
ഇംഗ്ലണ്ടിൽ 1000 ടെസ്റ്റ് റൺസ് നേടുന്ന ആദ്യ സന്ദർശക വിക്കറ്റ് കീപ്പറെന്ന റെക്കോർഡാണ് പന്ത് മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ആദ്യദിനം സ്വന്തമാക്കിയിരിക്കുന്നത്.ആകെ 13 ടെസ്റ്റുകളാണ് ഇംഗ്ലണ്ടിൽ 1000 ടെസ്റ്റ് റൺസ് തികക്കാൻ പന്തിന് വേണ്ടിവന്നത്.
2018 ഓഗസ്റ്റിൽ നോട്ടിങ്ഹാമിലായിരുന്നു റിഷഭ് പന്ത് ഇംഗ്ലണ്ടിലെ ആദ്യ ടെസ്റ്റ് കളിച്ചത്. ഇതിൽ 12 എണ്ണം ഇംഗ്ലണ്ടിന് എതിരെയും ഒരു കളി ന്യൂസിലൻഡിന് എതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലുമായിരുന്നു.
4 വിക്കറ്റ് നഷ്ടത്തിൽ 264 റൺസ് ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. 19 റൺസുമായി രവീന്ദ്ര ജഡേജയും 19 റൺസുമായി ഷർദുൽ താക്കൂറുമാണ് ക്രീസിലുള്ളത്. ഇന്ത്യക്കായി ഓപ്പണർ ബാറ്റർ യശസ്വി ജയ്‌സ്വാളും സായ് സുദർശനും അർധസെഞ്ച്വറി പൂർത്തിയാക്കി.
സുദർശൻ 61 റൺസ് നേടിയപ്പോൾ ജെയ്‌സ്വാൾ 58 റൺസ് സ്വന്തമാക്കി. കെൽ രാഹുൽ (46), ശുഭ്മൻ ഗിൽ (12) എന്നിവരാണ് പുറത്തായ മറ്റ് ബാറ്റർമാർ. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്‌സ് രണ്ടും, ക്രിസ് വോക്‌സ് ലിയാം ഡോസൺ എന്നിവർ ഓരോ വിക്കറ്റ് നേടി.