സോലാപ്പൂർ: അമ്മയുടെ മരണത്തിൽ മനംനൊന്ത് മഹാരാഷ്ട്രയിലെ സോലാപ്പൂരിൽ 16 വയസുകാരൻ ജീവനൊടുക്കി. ശിവശരൺ ഭൂതാലി താൽക്കോട്ടി എന്ന വിദ്യാർത്ഥിയെ അമ്മാവന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്ന് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. മൂന്ന് മാസം മുൻപാണ് ശിവശരണിന്‍റെ അമ്മ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്.”അധികൃതർ നടത്തിയ പരിശോധനയിൽ ശിവശരൺ എഴുതിയ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താൻ അമ്മയെ സ്വപ്നം കണ്ടെന്നും, അമ്മ അടുത്തേക്ക് വരാൻ ആവശ്യപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നുണ്ട്.
സങ്കടപ്പെടുത്തുന്ന കുറിപ്പാണ് കണ്ടെടുത്തിട്ടുള്ളത്. “ഞാൻ ശിവശരൺ. എനിക്ക് ജീവിക്കാൻ താൽപര്യമില്ലാത്തതുകൊണ്ട് ഞാൻ മരിക്കുകയാണ്. അമ്മ പോയപ്പോൾ തന്നെ ഞാൻ പോകേണ്ടതായിരുന്നു, പക്ഷേ അമ്മാവന്‍റെയും മുത്തശ്ശിയുടെയും മുഖം കണ്ടതുകൊണ്ട് ഞാൻ ജീവിച്ചു. എന്‍റെ മരണത്തിന് കാരണം ഇന്നലെ എന്‍റെ സ്വപ്നത്തിൽ അമ്മ വന്നതാണ്.
നീയെന്തിനാണ് ഇത്ര വിഷമിച്ചിരിക്കുന്നതെന്ന് അമ്മ ചോദിച്ചു, എന്നിട്ട് എന്നോട് അടുത്തേക്ക് വരാൻ പറഞ്ഞു. അതുകൊണ്ട് ഞാൻ മരിക്കാൻ തീരുമാനിച്ചു. എനിക്ക് അമ്മാവനോടും മുത്തശ്ശിയോടും ഒരുപാട് നന്ദിയുണ്ട്, കാരണം അവർ എന്നെ ഒരുപാട് പിന്തുണച്ചു. അവർ എന്നെ ഒരുപാട് ലാളിച്ചു,” കുറിപ്പിൽ പറയുന്നു.
അമ്മാവനോട് തന്‍റെ മുത്തശ്ശിയെ അച്ഛനോടൊപ്പം വിടരുതെന്നും കൗമാരക്കാരൻ കുറിപ്പിൽ അഭ്യർത്ഥിച്ചിട്ടുണ്ട്. “അമ്മാവാ, ഞാൻ മരിക്കുകയാണ്. ഞാൻ പോയാൽ എന്‍റെ സഹോദരിയെ സന്തോഷത്തോടെ നോക്കണം.
അമ്മാവാ, എനിക്ക് ഒരു കാര്യം പറയാനുണ്ട്. മുത്തശ്ശിയെ അച്ഛന്‍റെ അടുത്തേക്ക് അയക്കരുത്. എല്ലാവരും സ്വയം ശ്രദ്ധിക്കുക. എന്‍റെ മാതാപിതാക്കളെക്കാൾ കൂടുതൽ നിങ്ങൾ എനിക്ക് വേണ്ടി ചെയ്തിട്ടുണ്ട്,” എന്ന് കുറിപ്പിൽ കൂട്ടിച്ചേർത്തു. തന്‍റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദി എന്നും ശിവശരൺ കുറിച്ചു.