രാജസ്ഥാനിലെ ജലവാറിൽ സർക്കാർ സ്‌കൂൾ കെട്ടിടം തകർന്നുവീണ് നാല് കുട്ടികൾ മരിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നതായും സംശയം. മനോഹർ താനയിലെ പിപ്ലോഡി സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്.

അപകടത്തിൽ നാല് പേർ മരിച്ചതായും 17ഓളം പേർക്ക് പരിക്കേറ്റതായും ജലവാർ പൊലീസ് സൂപ്രണ്ട് അമിത് കുമാർപറഞ്ഞു. പത്ത് കുട്ടികളെ ജലവാറിലേക്ക് റഫർ ചെയ്തിട്ടുണ്ട്, അതിൽ മൂന്ന് മുതൽ നാല് വരെ കുട്ടികളുടെ നില ഗുരുതരമാണെന്നും അദ്ദേഹം അറിയിച്ചു.

അധ്യാപകരും ജീവനക്കാരും ഉൾപ്പെടെ 40ഓളം പേർ പരിസരത്തുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ്, ദുരന്തനിവാരണ സേന, പ്രദേശവാസികൾ ഉൾപ്പെടെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്.

അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനായി നാലോളം ജെസിബികൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്.കെട്ടിടം വളരെ ജീർണാവസ്ഥയിലായിരുന്നുവെന്നും ഇതുസംബന്ധിച്ച് നേരത്തെ നിരവധി പരാതികൾ ഉയർന്നിരുന്നുവെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളാണ് സ്കൂളിലുള്ളത്.

അപകടത്തിൽ പ്രതികരിച്ച വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ വിദ്യാർഥികൾക്ക് വേണ്ട ചികിത്സാസഹായങ്ങൾ ക്രമീകരിക്കുമെന്ന് അറിയിച്ചു. അപകടകാരണം അറിയുന്നതിനായി അന്വേഷണം പ്രഖ്യാപിച്ചതായും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *