ന്യൂഡല്‍ഹി: ചരിത്രപരമായും നയതന്ത്രപരമായും ആഴത്തില്‍ വേരൂന്നിയ ബന്ധമാണ് ഇന്ത്യയും മാലദ്വീപും തമ്മിലുള്ളതെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.നമ്മുടെ ബന്ധത്തിന്റെ വേരുകള്‍ക്ക് ചരിത്രത്തെക്കാള്‍ പഴക്കവും സമുദ്രത്തോളം ആഴവുമുണ്ട്”, മോദി പറഞ്ഞു.
മാലദ്വീപിന്റെ ഏറ്റവും വിശ്വസ്തനായ വികസനപങ്കാളി എന്നാണ് ഇന്ത്യയെ മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസ്സു വിശേഷിപ്പിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മികച്ചതാകുന്നുവെന്ന സൂചനയാണ് ഇരുരാഷ്ട്രത്തലവന്‍മാരും നല്‍കിയത്.
വ്യാപാരം, പ്രതിരോധം,മാലദ്വീപിന്റെ പ്രതിരോധ മേഖലയിലെ മികവ് വികസിപ്പിക്കുന്നതിനാവശ്യമായ പിന്തുണ ഇന്ത്യയുടെ ഭാഗത്തുനിന്ന് തുടരുമെന്നും ഇന്ത്യന്‍ മഹാസമുദ്രമേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ ഇരുരാജ്യങ്ങളുടേയും പൊതുലക്ഷ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
2023 ല്‍ മുയിസ്സു അധികാരത്തിലെത്തിയതിനു പിന്നാലെ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാകുകയും ഇന്ത്യ പുറത്ത് എന്ന പ്രചാരണം മാലദ്വീപില്‍ നടക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുന്നതായുള്ള സൂചനയാണ് പ്രധാനമന്ത്രിയുടെ മാലദ്വീപ് സന്ദര്‍ശനം നല്‍കുന്നത്. സാഹചര്യങ്ങള്‍ക്കുപരിയായ ഇന്ത്യയും മാലദ്വീപും തമ്മിലുള്ള ബന്ധം തെളിച്ചമുള്ളതും വ്യക്തവുമായി തുടരുമെന്ന കാര്യം പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.