തായ്‍ലൻഡും കംബോഡിയയും തമ്മിലുള്ള അതിർത്തി തർക്കം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പതിനായിരക്കണക്കിന് പേർ പലായനം ചെയ്തു.
അതിർത്തി ഗ്രാമങ്ങളിൽ നിന്ന് 58,000-ത്തിലധികം പേർ താൽക്കാലിക അഭയ കേന്ദ്രങ്ങളിലേക്ക് എത്തിയതായി തായ് ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.
അതേസമയം അതിർത്തിക്കടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് 23,000-ത്തിലധികം ആളുകൾ പലായനം ചെയ്തതായി കംബോഡിയൻ അധികൃതർ പറഞ്ഞു.
മരണ സംഖ്യ 32 ആയി ഉയർന്നു. 19 തായ് പൌരന്മാരും 13 കംബോഡിയൻ പൌരന്മാരും കൊല്ലപ്പെട്ടെന്നാണ് ഇരു രാജ്യങ്ങളും അറിയിച്ചത്.
സംഘർഷം നീണ്ടുപോകുമെന്ന ആശങ്കക്കിടെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ന്യൂയോർക്കിൽ അടിയന്തര യോഗം ചേർന്നു. ഇരു രാജ്യങ്ങളും ഉൾപ്പെടുന്ന 10 രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ആസിയാനിലുള്ള മലേഷ്യ, ശത്രുത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തു.