മാഡ്രിഡ്: വ്യോമാഭ്യാസത്തിനിടെ നിയന്ത്രണംവിട്ട് തകര്‍ന്നുവീണു വീണില്ല എന്ന ഘട്ടത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പറന്നുയരുന്ന ഒരു യുദ്ധവിമാനത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
ജിജോണിലെ ജനത്തിരക്കേറിയ ബീച്ചില്‍ നടന്ന വ്യോമാഭ്യാസത്തിനിടെ സ്പാനിഷ് വ്യോമസേനയുടെ EF-18 ഹോര്‍നെറ്റ് എന്ന യുദ്ധവിമാനമാണ് അപകടത്തില്‍ നിന്ന് അദ്ഭുതകരമായി ഈ രക്ഷപ്പെട്ടത്.വാരാന്ത്യമായതുകൊണ്ടുതന്നെ നിരവധി പേരാണ് വ്യോമാഭ്യാസം കാണാന്‍ കടല്‍ത്തീരത്ത് എത്തിയിരുന്നത്.
ജനങ്ങള്‍ നിറഞ്ഞ ബീച്ചിന് നേരെ ഹോര്‍നെറ്റ് വളരെ താഴ്ന്നു പറന്നുവരവെ, പെട്ടെന്ന് വലതുവശത്തേക്ക് ശക്തിയായി വെട്ടിത്തിരിയുന്നത്.എന്നാല്‍, വിമാനം ഉടന്‍ തന്നെ സ്ഥിരത വീണ്ടെടുക്കുകയും മുകളിലേക്ക് പറന്നുയരുകയും ചെയ്തു.
വിമാനത്തിന്റെ പറക്കലില്‍ പെട്ടെന്നുണ്ടായ ഈ മാറ്റം ജനങ്ങളില്‍ പരിഭ്രാന്തി പരത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. അതേസമയം, വിമാനത്തിന്റെ സഞ്ചാരപാതയില്‍ ഒരു കൂട്ടം പക്ഷികളെ കണ്ടതിനെ തുടര്‍ന്ന് അവയെ ഇടിക്കുന്നത് ഒഴിവാക്കാനാണ് പൈലറ്റ് ഇങ്ങനെ ചെയ്തതെന്നാണ് സ്പാനിഷ് വ്യോമസേനയുടെ വിശദീകരണം.