കൊൽക്കത്ത∙ ജിമ്മിൽ പരിശീലിക്കുന്നതിനിടെ ബംഗാളിന്റെ യുവ ക്രിക്കറ്റ് താരം കുഴഞ്ഞുവീണു മരിച്ചു. 22 വയസ്സുകാരനായ പ്രിയജിത് ഘോഷാണ് ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
ബംഗാളിലെ ജില്ലാതല ടൂർണമെന്റുകളില്‍ തിളങ്ങിയ പ്രിയജിത് രഞ്ജി ടീമിൽ ഇടം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു.
2018–19 സീസണിൽ ടോപ് സ്കോററായിരുന്നു പ്രിയജിത്. ജന്മനാടായ ഭോൽപുരിലെ ഒരു ജിമ്മിൽ പരിശീലിക്കുന്നതിനിടെ കഴിഞ്ഞ ദിവസമാണ് താരത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. വരാനിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് സീസണിനു വേണ്ടിയുള്ള തയാറെടുപ്പുകൾക്കിടെയായിരുന്നു മരണം