ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ലീഡ്‌സിൽ നടന്ന ഒന്നാം ടെസ്റ്റ് മുതൽ ഓവലിൽ കളിച്ച അവസാന ടെസ്റ്റിലെ അഞ്ചാം ദിനം വരെ ആവേശം നിലനിന്ന പരമ്പര 2-2 എന്ന നിലയിലാണ് അവസാനിച്ചത്.

ഇപ്പോഴിതാ പരമ്പരയിൽ ഇന്ത്യ നടത്തിയ പ്രകടനത്തിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെയും പരിശീലകൻ ഗൗതം ഗംഭീറിനെയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ നായകൻ സൗരവ് ഗാംഗുലി.

സീനിയർ താരങ്ങൾ വിരമിച്ചതിന്ശേഷമുള്ള പരമ്പര എന്ന നിലയിൽ ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം നിർണായകമായിരുന്നു ഈ പരമ്പര, ഇന്ത്യൻ ക്രിക്കറ്റിന്റെ പ്രതാപം നിലനിർത്താൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. ഒരു പുതിയ ക്യാപ്റ്റൻ എന്ന തോന്നൽ ഗിൽ ഉണ്ടാക്കിയതേ ഇല്ല, ബാറ്റുകൊണ്ടും അദ്ദേഹം തിളങ്ങി.

പരിശീലകൻ ഗൗതം ഗംഭീറും അഭിനന്ദങ്ങൾ അർഹിക്കുന്നു, ഗാംഗുലി പറഞ്ഞു.2007ന് ശേഷം ഇംഗ്ലണ്ടില്‍ മികച്ച ആറ് ബാറ്റ്‌സ്മാന്‍മാര്‍ ഇത്രയും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ള പരമ്പര ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേ സമയം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കയ്ക്കുമെതിരായ ഹോം പരമ്പരയാണ് ഇന്ത്യക്ക് ഇനി കളിക്കേണ്ടത്. നാട്ടിലാണ് പരമ്പരയെന്നുള്ളത് ഇന്ത്യക്ക് ഗുണം ചെയ്യും. നാട്ടില്‍ ഗില്ലിന് കീഴില്‍ കളിക്കുന്ന ആദ്യ പരമ്പര കൂടി ആയിരിക്കുമിത്.

Leave a Reply

Your email address will not be published. Required fields are marked *