കൊച്ചി: അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ ഹൈക്കോടതിയില്‍ ശക്തമായ വാദങ്ങളുമായി നടി ശ്വേതാ മേനോന്‍.

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടി ശക്തമായ വാദങ്ങള്‍ ഉന്നയിച്ചത്. സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എംഎയുടെ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായതിനാലാണ് തനിക്കെതിരെ പരാതിയെന്ന്ശ്വേതാ മേനോന്‍ പറഞ്ഞു.

പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ ശക്തയായ സ്ഥാനാര്‍ത്ഥിയാണ്.
ദുരുദ്ദേശത്തോടെയും പകയോടെയുമാണ് തനിക്കെതിരായ പരാതിയെന്നും ശ്വേത ചൂണ്ടിക്കാട്ടുന്നു.ദുരുദ്ദേശത്തിനായി കോടതിയെ ഉപയോഗിക്കുന്നത് തടയണം. കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. മനസ്സര്‍പ്പിക്കാതെയാണ് പരാതിയില്‍ മജിസ്ട്രേറ്റ് കോടതിയുടെ നടപടി.

സ്വകാര്യ അന്യായത്തില്‍ നിന്ന് എന്തെങ്കിലും കുറ്റകൃത്യം വെളിപ്പെടുന്നില്ലെന്നും ശ്വേത പറയുന്നു. നിരവധി ആക്ഷേപങ്ങള്‍ നേരിടുന്നയാളാണ് പരാതിക്കാരനെന്നും ശ്വേത ചൂണ്ടിക്കാട്ടി.

പാലേരി മാണിക്യം സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി നേടിയ ചിത്രമാണ്. ഈ ചിത്രത്തിലെ കഥാപാത്രത്തിനാണ് സംസ്ഥാന പുരസ്‌കാരം ലഭിച്ചത്. ഗര്‍ഭ നിരോധന ഉറയുടെ പരസ്യവും സര്‍ക്കാര്‍ അനുമതിയോടെയായിരുന്നു. മൗലികാവകാശമായ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് എതിരാണ് നിയമ നടപടിയെന്നും ശ്വേത കൂട്ടിച്ചേര്‍ത്തു.

ഇത്തരം നടപടികളെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണം. പരാതിക്കാരന്റെ മനോഭാവനയില്‍ വിരിഞ്ഞ കഥകളാണ് പരാതിയുടെ അടിസ്ഥാനം. എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ റദ്ദാക്കണമെന്നും ശ്വേത ആവശ്യപ്പെട്ടു.

ശ്വേത സമര്‍പ്പിച്ച ഹര്‍ജി 1.45ന്ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് വിജി അരുണ്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാകും ഹര്‍ജി പരിഗണിക്കുക. അഭിഭാഷകനായ ഉണ്ണി കാപ്പനാണ് ശ്വേതാ മേനോന് വേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *