ദില്ലി: ദീപാവലിക്ക് മുന്നോടിയായി, നിരോധിത പടക്കങ്ങൾക്കെതിരെ കാമ്പയിൻ ആരംഭിച്ച് ഡൽഹി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനിൽ ദില്ലിയിൽ 1,645 കിലോഗ്രാം അനധികൃത പടക്കങ്ങൾ പിടിച്ചെടുത്തു.

ദില്ലിയിലെ വിവിധ പ്രദേശങ്ങളിൽ ക്രൈംബ്രാഞ്ച് തുടർച്ചയായി റെയ്ഡുകൾ നടത്തിയതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സുപ്രീം കോടതി നിർദ്ദേശങ്ങൾ പാലിച്ചാണ് തെരച്ചിൽ നടത്തിയതെന്നും അവർ കൂട്ടിച്ചേർത്തു.

നിരോധിത പടക്കങ്ങളുടെ പ്രചാരം തടയുന്നതിനുള്ള ഡൽഹി പോലീസിന്റെ ശ്രമങ്ങളുടെ ഭാഗമായി, WR-II, രജൗരി ഗാർഡൻ ടീം ദ്വാരക, രോഹിണി, ഉത്തം നഗർ പ്രദേശങ്ങളിലാണ് ആദ്യ ഘട്ട പരിശോധന നടത്തിയത്.

നടത്തിയ പരിശോധനയിൽ ഒരു പലചരക്ക് വ്യാപാരിയുടെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് 13 വലിയ കാർട്ടണുകളും വിവിധതരം നിരോധിത പടക്കങ്ങൾ നിറച്ച ഒരു ചാക്കും അധികൃതർ കണ്ടെടുത്തു.

രാഹുൽ സാഗർ എന്നയാളുടെ വീട്ടിൽ നിന്ന് 412 കിലോ അനധികൃത പടക്കങ്ങൾ കണ്ടെടുത്തു. സോമനാഥ് എന്നയാൾ വാടകയ്ക്ക് എടുത്ത സ്ഥലത്തിന്റെ ഒന്നാം നിലയിൽ നിന്ന് 311 കിലോ നിരോധിത പടക്കങ്ങൾ കണ്ടെടുത്തു.

എൽഇഡി ബൾബ് നിർമ്മാണ യൂണിറ്റിന്റെ മറവിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഈ പടക്കങ്ങൾ. ഷഹ്ദാരയിൽ നടത്തിയ റെയ്ഡിൽ വിശാൽ ശർമ്മ എന്നയാളാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 106 കിലോഗ്രാം നിരോധിത പടക്കങ്ങൾ പിടിച്ചെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *