ഡല്‍ഹിയെ നടുക്കിയ അത്യുഗ്ര സ്ഫോടനത്തിനായി ഭീകരര്‍ അമോണിയം നൈട്രേറ്റ് ഉപയോഗിച്ചെന്ന് സൂചന. അമോണിയം നൈട്രേറ്റ്, ഡീസല്‍, എന്നിവയ്ക്കൊപ്പം മറ്റ് സ്ഫോടക വസ്തുക്കള്‍ കൂടി ചേര്‍ത്ത് ഉപയോഗിച്ചിട്ടുണ്ടോയെന്ന സംശയമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നോട്ട് വയ്ക്കുന്നത്.
സ്ഫോടനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഫരീദാബാദില്‍ പിടിയിലായ ഡോക്ടറുടെ വാടക വീട്ടില്‍ നിന്ന് 360 കിലോ അമോണിയം നൈട്രേറ്റ് പൊലീസ് കണ്ടെത്തിയിരുന്നു. സ്ഫോടനം നടന്ന സ്ഥലത്ത് നിന്നും അമോണിയം നൈട്രേറ്റിന്‍റെ സാന്നിധ്യം തിരിച്ചറിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
ഐഇഡിയും ബോംബുകളും ഉണ്ടാക്കുന്നതിനാവശ്യമായ വസ്തുക്കള്‍ ഡോക്ടര്‍ മുസാഫിലിന്‍റെ വീട്ടില്‍ നിന്നായിരുന്നു ജമ്മു പൊലീസ് കണ്ടെത്തിയത്. ഇതിന് പുറമെ എകെ–47 തോക്കും പിടികൂടി. പുല്‍വാമ സ്വദേശിയാണ് ഡോ.മുമ്മില്‍ അഹമ്മദ്, ഖാസിഗുണ്ട് സ്വദേശി ഡോ. ആദില്‍ മജീദ് റാഥേര്‍ എന്നിവരെ ഹരിയാനയില്‍ നിന്നും ഉത്തര്‍പ്രദേശില്‍ നിന്നുമായി പൊലീസ് ഇന്നലെ പിടികൂടി.
ഇവരെല്ലാം ജയ്ഷെ മുഹമ്മദും അന്‍സാര്‍ ഗസ്വതുള് ഹിന്ദ് എന്നീ ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണെന്നാണ് കരുതുന്നത്.രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ ഒന്‍പത് പേരാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. ഇരുപതിലേറെപ്പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവര്‍ എല്‍എന്‍ജെപി ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഹ്യുണ്ടായ് i20 കാറിനുള്ളില്‍ തുടക്കത്തില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നുവെന്നാണ് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. എന്നാല്‍ പാര്‍ക്കിങ് ഏരിയയിലെ സിഗ്നലിലേക്ക് കാര്‍ എത്തുമ്പോള്‍ നീലയും കറുപ്പും കലര്‍ന്ന ടീ ഷര്‍ട്ടുധാരിയാണ് വാഹനമോടിച്ചിരുന്നത്.
കറുത്ത മാസ്ക് വച്ച് മുഖവും ഇയാള്‍ മറച്ചിരുന്നു. സ്ഫോടനത്തിന് തൊട്ടുമുന്‍പ് ഇയാള്‍ മാത്രമാണ് കാറിലുണ്ടായിരുന്നത്. ഈ വ്യക്തി ഡോ. ഉമര്‍ മുഹമ്മദാണെന്നുംഉമര്‍ തന്നെയാണ് സ്ഫോടനത്തിന്‍റെ ബുദ്ധികേന്ദ്രമെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ഉമറിന്‍റെ അമ്മയെയും സഹോദരങ്ങളെയും അന്വേഷണസഘം കസ്റ്റഡിയിലെടുത്തു.അതേസമയം, ആസൂത്രിതമാണ് ഭീകരാക്രമണമെന്നാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
കാറിന്‍റെ മുന്‍ ഉടമസ്ഥന്‍ പുല്‍വാമ സ്വദേശിയാണെന്നും ഇയാളാണ് ഉമറിന് കാര്‍ കൈമാറിയതെന്നും പൊലീസ് പറയുന്നു. ഡോക്ടര്‍മാരടങ്ങുന്ന സംഘത്തെ മനഃപൂര്‍വമാണ് ഇത്തരമൊരു ഭീകരകൃത്യത്തിന് നിയോഗിച്ചതെന്നും സൂചനകളുണ്ട്.

