കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷാവിധി ഇന്ന്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിക്കുന്നത്.

കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിക്കുന്നത്.

പ്രതികളെ രാവിലെ പതിനൊന്നുമണിയോടെ കോടതിയില്‍ എത്തിക്കും. പ്രതികള്‍ പറയുന്നതുകൂടി കോടതി കേള്‍ക്കും. ഇതിന് ശേഷമായിരിക്കും ശിക്ഷാവിധി.

ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം 20 വര്‍ഷം വരെ കഠിന തടവോ, ജീവപര്യന്തം തടവോ ലഭിക്കാവുന്ന കൂട്ടബലാത്സംഗക്കുറ്റം അടക്കം പത്ത് കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ കണ്ടെത്തിയത്.എട്ടാംപ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന്റെ കാരണങ്ങളും വിധിന്യായത്തിലുണ്ടാകും. ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റത്തില്‍ കോടതിയുടെ നിഗമനം വിധിയില്‍ വ്യക്തമാകും.

ദിലീപിന് പുറമേ മൂന്ന് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷന്‍ നല്‍കിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റര്‍ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം.

ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിര്‍ത്തി പ്രതികള്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തില്‍വെച്ച്അതിക്രൂരമായ പീഡനം.

ഇതിന് ശേഷം നടിയെ നടന്‍ ലാലിന്റെ വീടിന് മുന്നില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. നടന്‍ ലാല്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎല്‍എയും സംഭവം അറിഞ്ഞെത്തി. തുടര്‍ന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന പള്‍സര്‍ സുനിയാണ് ക്വട്ടേഷന്‍ ഏറ്റെടുത്ത്നടപ്പിലാക്കിയതെന്നും വ്യക്തമായി.

ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തകയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 2017 ഫെബ്രുവരി 19ന് കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മ നടന്നു. ഈ പരിപാടിയില്‍ വെച്ച് സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് മഞ്ജുവാര്യര്‍ സൂചിപ്പിച്ചിരുന്നു.

പിന്നാലെ സംഭവത്തില്‍ ഉള്‍പ്പെട്ട വടിവാള്‍ സലിം, പ്രദീപ് പ്രതികളില്‍ ഒരാളായ മണികണ്ഠന്‍ എന്നിവരെ പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാകാനെത്തിയ പള്‍സര്‍ സുനി, വിജേഷ് എന്നിവരെ പൊലീസ് പിടികൂടി. 50 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ പ്രകാരമാണ് നടിയെ ആക്രമിച്ചതെന്നായിരുന്നു പള്‍സര്‍ സുനിയുടെ മൊഴി. പിന്നാലെ റിമാന്‍ഡിലായ പ്രതികളെ അതിജീവിത തിരിച്ചറിഞ്ഞു.

ഇതിന് പിന്നാലെ കേസിലെ ?ഗൂഢാലോചന പുറത്ത് കൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. 2017 ഏപ്രില്‍ 18ന് പള്‍സര്‍ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.


ഇതിന് പിന്നാലെയാണ് കേസില്‍ നടന്‍ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങള്‍ക്ക് തുടക്കമാകുന്നത്. വിഷ്ണു എന്നയാള്‍ ഫോണില്‍ വിളിച്ചു സംഭവത്തില്‍ ബന്ധപ്പെടുത്താതിരിക്കാന്‍ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ടെന്ന് ദിലീപ് ഡിജിപിക്ക് പരാതി നല്‍കി.

2017 ജൂണ്‍ 23ന് കേസില്‍ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പള്‍സര്‍ സുനി എഴുതിയ കത്ത് കേസിലെ നിര്‍ണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിര്‍ണ്ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.

ഇതിന് പിന്നാലെ ദിലീപിനെ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ സഹതടവുകാരായ വിഷ്ണു, സനല്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *